ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പോളിമര്‍ കമ്ബനിയില്‍ രസവാതകം ചോര്‍ന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ എല്‍ ജി പോളിമര്‍ കമ്ബനിയിൽ നിന്ന് രാസ വാതക ചോർച്ച ഉണ്ടായത്. ദുരന്തത്തില്‍ എട്ട് വയസ്സുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. 1000ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു.
വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഗോപാല്‍പുരത്തെ ആശുപത്രിയിലെക്ക് എത്തിച്ച 20 ഓളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്. ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പോലീസ് നടത്തുണ്ടെങ്കിലും വീടുകളില്‍ പലതില്‍ നിന്നും പ്രതികരണമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് .
മാത്രമല്ല കിലോമീറ്ററുകള്‍ നടന്ന് ഗ്രാമങ്ങളില്‍ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി വീഴുന്ന കാഴ്ചയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതരമായ അവസ്ഥയാണ് പോളിമര്‍ കമ്ബനിയുടെ പരിസരത്ത് നിലവിലുള്ളത്. എത്രയാളുകളെ ഇത് ബാധിച്ചിരിക്കാമെന്ന് പോലും അധികൃതര്‍ക്ക് പറയാന്‍ കഴിയാത്ത അവസ്ഥ.
വീടുകളില്‍ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗോപാല്‍പുരത്തെ തെരുവുകളില്‍ കാണുന്നതെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തെരുവുകളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്നുണ്ട്.
ലോക്ക് ഡൗണിന് ശേഷം ഇന്നാണ് കമ്ബനി തുറക്കാനിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്.

