Sunday, May 19, 2024
spot_img

വിമാനത്തിലേറി റോക്കറ്റ്..ദാ തലയും കുത്തി താഴെ

ലണ്ടണ്‍: സ്വകാര്യ ബഹിരാകാശ കമ്പനിയായ വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വിര്‍ജിന്‍ ഓര്‍ബിറ്റ്. വളര്‍ന്നുകൊണ്ടിരിക്കുന്ന ചെറു ഉപഗ്രഹ വിക്ഷേപണ മേഖലയില്‍ സ്വന്തമായ സ്ഥാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി റോക്കറ്റ് വികസിപ്പിച്ചത്. 

പരമ്പരാഗത മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച് ജംബോജെറ്റ് വിമാനത്തിന്റെ ചിറകിനടിയിലാണ് റോക്കറ്റ് ഘടിപ്പിച്ചത്. വിമാനം പറന്നുയര്‍ന്ന് നിശ്ചിത ഉയരത്തിലെത്തുമ്പോള്‍ റോക്കറ്റ് ലോഞ്ചിങ് നടത്തുക എന്നതാണ് രീതി.  നിശ്ചയിച്ച രീതിയില്‍ തന്നെ റോക്കറ്റ് വിക്ഷേപിക്കുകയും അതിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത സമയത്ത് തന്നെ അത് കത്തിയമര്‍ന്നു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് റോക്കറ്റ് വിക്ഷേപണം ടെര്‍മിനേറ്റ് ചെയ്യുകയായിരുന്നു. 

പരീക്ഷണം വിജയിക്കാന്‍ 50 ശതമാനം സാധ്യത മാത്രമേയുള്ളൂവെന്ന് വിര്‍ജിന്‍ ഓര്‍ബിറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. 

എന്നാല്‍ ഇപ്പോഴത്തെ പരീക്ഷണത്തില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അടുത്ത പരീക്ഷണം നടത്തുമെന്നുമാണ് വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ സിഇഒ ഡാന്‍ ഹാര്‍ട്ട് പറയുന്നത്. അടുത്ത വിക്ഷപണത്തിനുള്ള റോക്കറ്റുകള്‍ സജ്ജമായതായും അദ്ദേഹം വ്യക്തമാക്കി. 

കാലിഫോര്‍ണിയയിലെ ലോങ് ബിച്ചിനോട് ചേര്‍ന്ന് പസഫിക് സമുദ്രത്തിന് സമീപമാണ് വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ ലോഞ്ചിങ് കേന്ദ്രം. ബഹിരാകാശ വിനോദ സഞ്ചാരം ലക്ഷ്യമിട്ടാണ് വിര്‍ജിന്‍ ഓര്‍ബിറ്റ് എന്ന കമ്പനി തുടങ്ങിയത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ചെറു ഉപഗ്രഹ വിക്ഷേപണ മേഖലയില്‍ കമ്പനി ശ്രദ്ധ ചെലുത്തുകയായിരുന്നു.

Related Articles

Latest Articles