ദില്ലി: ദുരദര്‍ശനില്‍ സംപ്രേഷണം ചെയ്തുവരുന്ന രാമായണം സീരിയല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ഷോയായി മാറുന്നു. ഏപ്രില്‍ 16 ന് 7.7 കോടി പ്രേക്ഷകരുമായി ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ഷോയായി രാമായണം മാറി. ദൂരദര്‍ശന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
വാല്‍മീകിയുടെ രാമായണം, തുളസിദാസിന്റെ രാമചരിതമാനസ് എന്നിവയെ അടിസ്ഥാനമാക്കി രാമാനന്ദ് സാഗര്‍ നിര്‍മ്മിച്ച സീരിയലിന് 78 എപ്പിസോഡുകളാണ് ഉള്ളത്. സീരിയല്‍ സംപ്രേഷണം ചെയ്ത് മൂന്നാഴ്ച ആയപ്പോഴേക്കും 67.4 മില്യണ്‍ പ്രേഷകരാണ് രാമായണം കണ്ടിരുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 28 മുതലാണ് ദൂരദര്‍ശനില്‍ രാമായണം പുന:സംപ്രേഷണം ആരംഭിച്ചത്. രാമയണത്തിന് പുറമേ മഹാഭാരതം, ശക്തിമാന്‍, ദി ജംഗിള്‍ ബുക്ക്, ആലിഫ് ലൈല, ബ്യോംകേഷ് ബക്ഷി, ചാണക്യ, ബുനിയാദ് എന്നീ സീരിയലുകളും പുന:സംപ്രേഷണം ചെയ്തുവരുന്നു.

