മുംബൈ : മഹാരാഷ്ട്രയിലെ പൽഘറിൽ ഹിന്ദു ബ്രാഹ്മണ സന്യാസിമാരെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തി. പാൽഖർ ജില്ലയിലെ ധാബാഡി-ഖൻവേൽ റോഡിൽ ഗഢ്ച്ചിൻചാലേ ഗ്രാമത്തിലാണ് കാറിലെത്തിയ രണ്ട് സന്യാസികൾ ഉൾപ്പെടെ മൂന്നുപേരെ ഗ്രാമീണർ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ജൂണ അഖാഡയിലെ സന്യാസിമാരായ സുശീൽ ഗിരി മഹാരാജ് (35), ചികനെ മഹാരാജ് കല്പവൃക്ഷ ഗിരി(70), ഡ്രൈവറായ നിലേഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളാണെന്ന സംശയത്തിൽ ഇരുനൂറോളം പേർ കാർ തടഞ്ഞുനിർത്തി ആക്രമണം നടത്തുകയായിരുന്നു.
കല്ലും വടിയുമുപയോഗിച്ചായിരുന്നു ആക്രമണം. വാൻ ഓടിച്ചയാൾ ഫോണിൽ വിളിച്ചതനുസരിച്ച് അർധരാത്രിയോടെ പോലീസ് സ്ഥലത്തെത്തി. എന്നാൽ, രോഷാകുലരായ ഗ്രാമീണരെ പിന്തിരിപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല. പോലീസിനുനേരെയും അവർ കല്ലെറിഞ്ഞു. മർദനമേറ്റ മൂന്നുപേരെയും ഏറെനേരത്തെ ശ്രമത്തിനുശേഷം പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് 30 പേരെ കസ്റ്റഡിയിലെടുത്തതായി കാസാ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ആനന്ദ് റാവു കാലേ പറഞ്ഞു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്.
കോവിഡ്-19നെ നേരിടാനുള്ള ലോക്ഡൗൺ നിലവിൽവന്നശേഷം പാൽഘറിലുണ്ടാകുന്ന രണ്ടാമത്തെ ആൾക്കൂട്ട ആക്രമണമാണിത്. സാർനി ഗ്രാമത്തിൽ മൂന്നുദിവസംമുമ്പുനടന്ന സമാനസംഭവത്തിൽ ഇൻസ്പെക്ടർ കാലേ ഉൾപ്പെടെ കാസാ പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
താനെയിൽനിന്നുള്ള ഡോക്ടർ വിശ്വാസ് വാൽവിയുടെ വാഹനത്തിനുനേരെയാണ് അന്ന് 250-ഓളം നാട്ടുകാർ ആക്രമണം നടത്തിയത്. ആദിവാസിമേഖലയിൽ കോവിഡ് ബോധവത്കരണം നടത്തി മടങ്ങുകയായിരുന്നു ഡോ. വാൽവേ. അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസുകാർക്ക് പരിക്കേറ്റത്.

