കൊച്ചി:കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ക്രിക്കറ്റോ ഫുട്ബോളോ എന്നതു സംബന്ധിച്ചാരംഭിച്ച തർക്കം സച്ചിൻ തെൻഡുൽക്കർ പവിലിയനുമായി ബന്ധപ്പെട്ടു വിവാദത്തിലേക്ക്. സ്റ്റേഡിയം വിട്ടുകിട്ടാൻ നേരത്തേ ആവശ്യമുന്നയിച്ച കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) അവിടത്തെ സച്ചിൻ തെൻഡുൽക്കർ പവിലിയൻ പാടേ ഇല്ലാതായെന്നും ആരോപിച്ചു.

സച്ചിൻ, മഹേന്ദ്രസിങ് ധോണി, ഓസ്ട്രേലിയൻ ടീം അംഗങ്ങൾ തുടങ്ങിയവർ ഒപ്പിട്ട ബാറ്റുകൾ, സച്ചിൻ അവസാന ടെസ്റ്റിൽ അണിഞ്ഞ ജഴ്സി, ക്രിക്കറ്റിലെ അപൂർവ ചിത്രങ്ങൾ, മറ്റു കായികോപകരണങ്ങൾ, സച്ചിന്റെ സെഞ്ചുറികളെ അനുസ്മരിച്ച് 100 പന്തുകളിൽ അവ രേഖപ്പെടുത്തിയ സ്മരണിക തുടങ്ങിയവയാണു കാണാതായത്. ഇവ എവിടേക്കു മാറ്റി എന്നതിനെക്കുറിച്ചു ബ്ലാസ്റ്റേഴ്സ് അധികൃതർ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ നിയമനടപടിക്കൊരുങ്ങുമെന്നു കെസിഎ മുന്നറിയിപ്പു നൽകി.

