ന്യൂഡൽഹി : പുൽവാമയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് സ്മരണാഞ്ജലി അർപ്പിച്ച് സൈന്യത്തിന്റെ തൊപ്പിക്ക് സമാനമായ തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിനെതിരെ പാകിസ്ഥാൻ. കളിയെ രാഷ്ട്രീയ വത്കരിക്കുന്നെന്ന് ആരോപിച്ച് ഐസിസിക്ക് പാകിസ്ഥാൻ പരാതി നൽകി.ഐസിസി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ആവശ്യപ്പെട്ടു.

ഓസ്ട്രേലിയക്കെതിരായ കളിയിലാണ് ഇന്ത്യൻ ടീം സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കളിക്കാനിറങ്ങിയത്. കളിയുടെ പ്രതിഫലം സൈനികരുടെ കുടുംബങ്ങൾക്കുള്ള ക്ഷേമ നിധിയിലേക്ക് സംഭാവനയും ചെയ്തു. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഈ വിഷയം ഉയർത്തുന്നതിനു മുൻപ് ഐ.സി.സി വിഷയത്തിൽ നടപടിയെടുക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ഔദ്യോഗികമായി പ്രതിഷേധിക്കാനും ഖുറെഷി ആഹ്വാനം ചെയ്തു.