തിരുവനന്തപുരം: അഖിലേന്ത്യാപണിമുടക്ക് ദിനത്തില്‍ സ്റ്റാച്യുവിലുള്ള എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിൽ അറസ്റ്റിലായ എട്ട് എന്‍ ജി ഒ നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഏരിയ കമ്മറ്റി സെക്രട്ടറി അശോക്, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി അംഗം ഹരിലാൽ, എൻ ജി ഒ നേതാവ് പി കെ വിനുകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അനിൽ കുമാർ, സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു,യൂണിയൻ നേതാക്കളായ ബിജോയ് രാജ്, ശ്രീ വത്സൻ, സുരേഷ് കുമാർ എന്നിവര്‍ക്കാണ് കേസില്‍ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

ബാങ്കിന് ഉണ്ടായ നഷ്ടമനുസരിച്ച് നഷ്ടപരിഹാരത്തുകയായി ഒന്നര ലക്ഷം രൂപ, ഓരോ പ്രതികളും ഒരു ലക്ഷം രൂപയുടെ ബോണ്ട് വീതം ജാമ്യവ്യവസ്ഥയായി നല്‍കണം, എല്ലാ ഞായറാഴ്ചകളിലും അറസ്റ്റിലായ സ്റ്റേഷനിൽ ഒപ്പിടണം എന്നിവയാണ് കോടതി പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന ഉപാധികള്‍.

കഴിഞ്ഞമാസം 8,9 തീയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കിന്‍റെ രണ്ടാം ദിവസമാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് പ്രതികള്‍ അടിച്ചു തകർത്തത്.