Sunday, June 16, 2024
spot_img

ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്കോ? അമിത് ഷാ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ദില്ലി: ദേശീയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടം ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടു.

മുഖ്യമന്ത്രിമാരുമായി ഇന്നലെ സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത്.

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവ് വേണം എന്ന നിലപാടാണ് പല സംസ്ഥാനങ്ങളും പ്രകടിപ്പിച്ചത് എന്നാണ് സൂചന. എന്നാല്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസ് ഉടനെ വേണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചത്.

പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം ഉടന്‍ കേന്ദ്രം പുറത്തിറക്കുമെന്നാണ് സൂചന. രാജ്യത്തെ പൊതുസ്ഥിതി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച മന്‍ കി ബാത്ത് പരിപാടിയില്‍ വിശദീകരിക്കും. രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ ഏഴുപത് ശതമാനവും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ് എന്നതിനാല്‍ തീവ്രബാധിത മേഖലകളില്‍ നിയന്ത്രണം തുടരാനാണ് സാധ്യത.

ലോക്ക്ഡൗണ്‍ തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

Related Articles

Latest Articles