Tuesday, May 7, 2024
spot_img

‘അതിര്‍ത്തി ശാന്തം’; ചൈനയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്ന് കരസേന മേധാവി

ദില്ലി: ചൈനയുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ. തുടര്‍ന്ന് തുല്യ റാങ്കുള്ള ഇന്ത്യ-ചൈന സേനാ ഉദ്യോഗസ്ഥര്‍ തമ്മിലും നടത്തുന്ന ചര്‍ച്ചകള്‍ ഫലം കാണുന്നുണ്ടെന്നും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇതോടെ നിയന്ത്രണ വിധേയമാണെന്നും കരസേന മേധാവി പ്രതീക്ഷയര്‍പ്പിക്കുന്നു.

‘നിരന്തരമായ ചര്‍ച്ചകളിലൂടെ ഇന്ത്യയും ചൈനയുമായുള്ള വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും പ്രശ്‌നങ്ങള്‍ക്ക് വിരാമമാകും; എല്ലാം നിയന്ത്രണ വിധേയമാകും.’ കരസേനാ മേധാവി അറിയിച്ചു.

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സേനാംഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടെയും കരസേനകളിലെ മേജര്‍ ജനറല്‍മാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയുടെ പിറ്റേന്നാണ് നരവനെയുടെ ഈ പ്രതികരണം.

അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചു കൂട്ടിയ ഉന്നത തല യോഗത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന സേന സജ്ജമാണോ എന്ന് വിലയിരുത്തലുണ്ടായി.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, നാവികസേന ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ്, എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ഭദൗരിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ലഡാക്കിലെ സ്ഥിതിഗതികളെ കുറിച്ച് വിശദമായ വിവരം നരവനെ യോഗത്തില്‍ നല്‍കി.

Related Articles

Latest Articles