Friday, May 17, 2024
spot_img

ആറന്മുള ഉത്രട്ടാതി ജലോത്സവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം

പത്തനംതിട്ട : ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നീ ആചാരപരമായ ചടങ്ങുകളോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടത്താന്‍ തീരുമാനമായി. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി നൂഹ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായിരിക്കുന്നത്

തിരുവോണത്തോണി ഓഗസ്റ്റ് 30 ന് വൈകിട്ട് ആറിന് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നും മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ 20 പേരെ മാത്രം ഉള്‍പ്പെടുത്തി തിരുവോണ സദ്യക്കാവശ്യമായ വിഭവങ്ങളുമായി പുറപ്പെട്ട് ഓഗസ്റ്റ് 31 ന് പുലര്‍ച്ചെ ആറിന് ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന് തീരുമാനിച്ചു. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനായി പള്ളിയോടത്തില്‍ 24 പേര്‍ക്ക് അനുമതി നല്‍കി. ആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ നാലിന് രാവിലെ പത്തിന് ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിന് പള്ളിയോടത്തില്‍ 24 പേര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായി. സെപ്റ്റംബര്‍ 10ന് രാവിലെ 11ന് അഷ്ടമി രോഹിണി വള്ളസദ്യ തെരഞ്ഞെടുക്കപ്പെട്ട പള്ളിയോടത്തില്‍ 24 പേരും ചടങ്ങുകള്‍ക്കായി എട്ട് പേരും ഉള്‍പ്പെടെ 32 പേരെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ പരിമിതപ്പെടുത്തി നടത്താന്‍ യോഗത്തില്‍ തീരുമാനമായി.

Related Articles

Latest Articles