Friday, May 17, 2024
spot_img

ഇന്ത്യയിലെ പ്രതിദിന രോഗബാധ എണ്ണായിരം കടന്നു; ലോക്ക്ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍

ദില്ലി: ലോക്ക്ഡൗണ്‍ നാലാംഘട്ടം ഇന്നവസാനിക്കുമ്പോള്‍ രാജ്യത്തെ പ്രതിദിന രോഗബാധ നിരക്ക് എണ്ണായിരം പിന്നിട്ടു. രാജ്യവ്യാപക ലോക്ക്ഡൗണിന് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

പഞ്ചാബിനും മധ്യപ്രദേശിനും പിന്നാലെ തമിഴ്‌നാട്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയതായി അറിയിച്ചു. തമിഴ്‌നാട്ടില്‍ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ തീവ്രബാധിത ജില്ലകളിലാണ് ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ തുടരുക. ഇവ ഒഴികെയുള്ള ജില്ലകളില്‍ കൂടുതല്‍ ഇളവ് ഏര്‍പ്പെടുത്തി.
മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ളത്. ഇന്നലെ 2940 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 65,168 ആയി. ഇന്നലെ മാത്രം 99 രോഗബാധിതരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 2197 ആയി.

നാളെ മുതല്‍ അണ്‍ലോക്ക് ഘട്ടം ആരംഭിക്കുമെങ്കിലും മുംബൈ, പുനെ ഉള്‍പ്പടെയുള്ള ഇടങ്ങളിലൊന്നും ഇളവുകള്‍ നിലവില്‍ വരില്ലെന്നാണ് സൂചന. 3169 കണ്ടെയിന്‍മെന്റ് സോണുകലാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ 684 എണ്ണവും മുംബൈയിലാണ്.

ദില്ലിയില്‍ ഇന്നലെ ,തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിന് ഇടയില്‍ 1163 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 18,549 ആയി. ഇവിടെ ആകെ മരണം 416 ആയി.

ലോക്ക്ഡൗണില്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടായെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. 5000 കോടി ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തുനല്‍കി. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കേന്ദ്രം അനുവദിച്ച പണം ദില്ലി കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles