മുംബൈ : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച. ഇന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം 36 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 76.81ല്‍ എത്തി. ലോക്ക്ഡൗണ്‍ നീട്ടിയത് മൂലം രാജ്യത്ത് അടച്ചിടല്‍ തുടരുന്നതിനെ തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ റേറ്റിങ് താഴ്ത്തിയതും രൂപയെ ബാധിച്ചു.
76.44 നിലവാരത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്ത മൂല്യം രാവിലെ 10.20ഓടെ 76.81 നിലവാരത്തിലേയ്ക്ക് താഴുകയായിരുന്നു. എന്നാല്‍ രൂപയുടെ മൂല്യം 76-74 നിലവാരത്തില്‍ പിടിച്ചുനിര്‍ത്താന്‍ ആവശ്യത്തിന് വിദേശ കറന്‍സി ശേഖരം ആര്‍ബിഐയ്ക്കുണ്ടെന്നാണ് വിലയിരുത്തുന്നത്. സമ്പദ്ഘടനക്ക് കരുത്തുനല്‍കാന്‍ കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്ന പാക്കേജില്‍ ഉറ്റുനോക്കുകയാണ് വിപണി.രാജ്യത്ത് കൊറോണ വൈറസ് കേസുകൾ ഉയരുന്നതും, ആഭ്യന്തര ഓഹരി ദുര്‍ബലമായതുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായത്.

