Monday, May 6, 2024
spot_img

ഇന്ന് 14 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; പുതിയ ഒരു ഹോട്ട് സ്പോട്ട് കൂടി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതില്‍ 7 പേര്‍ തമിഴ്നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 3467 പേരും സീപോര്‍ട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്.

Related Articles

Latest Articles