Friday, May 3, 2024
spot_img

ഇസ്രയേലിന് പലസ്തീൻ പ്രദേശങ്ങൾ വേണ്ട;ഇത് സമാധാനത്തിൻ്റെ നയതന്ത്ര ബന്ധം

ദുബായ്: ചരിത്ര നീക്കവുമായി ഇസ്രയേലും യു എ ഇ യും . ഇരു രാജ്യങ്ങളും പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനൊരുങ്ങി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ചേർന്ന ചർച്ചയിലാണ് വിഷയത്തിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ധാരണയിലായത്. ട്രംപിന്റെ മധ്യസ്ഥതയിൽ ടെലിഫോൺ മുഖേന അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവർ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയായിരിക്കുന്നത്. ചരിത്രപരമായ സമാധാന കരാറിന് തന്റെ ഇരു സുഹൃത്തുക്കളും ധാരണയായതായി ട്രംപ് ട്വീറ്റ് ചെയ്തു. കരാർ അംഗീകരിച്ചുകൊണ്ടുള്ള ഇസ്രായേലിന്റെയും യുഎഇയുടെയും ഔദ്യോഗിക പ്രസ്താവനകൾ ട്രംപ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

പലസ്തീന്‍ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന ഉടമ്പടിയിൽ ഇസ്രായേൽ ധാരണയിലെത്തിയിട്ടുണ്ട് . ഈ ഉടമ്പടിയുടെ ഭാഗമായാണ് യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. ഇതോടെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലെത്തുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി കഴിഞ്ഞിരിക്കുകയാണ്.

അതേസമയം , ട്രംപിന്റെ യുഎസിൽ നിന്നുള്ള ട്വീറ്റിന് പിറകേ യുഎഇയും ഇസ്രയേലും സംയുക്ത പ്രസ്താവന പ്രസിദ്ധപ്പെടുത്തി. നേരിട്ടുള്ള വിമാനങ്ങൾ, സുരക്ഷ, ടെലികമ്മ്യൂണിക്കേഷൻ, ഊർജ്ജം, ടൂറിസം, ആരോഗ്യ പരിരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവയ്ക്കാൻ വരും ആഴ്ചകളിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ യോഗം ചേരും. കോവിഡിനെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

അതിനിടെ, പലസ്‍തീൻ പ്രദേശങ്ങൾ സംയോജിപ്പിക്കാനുള്ള ഇസ്രയേൽ നീ‍ക്കം മരവിപ്പിച്ചത് നയതന്ത്ര നേട്ടമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് അറിയിച്ചു . പലസ്തീന്റെ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് തടയുന്നതിൽ ഇസ്രായേലിന്റെ പ്രതിജ്ഞാബദ്ധത യുഎഇ ഉറപ്പാക്കിയിട്ടുണ്ട്. ഇത് ഒരു സുപ്രധാന നയതന്ത്ര നേട്ടമാണ്. ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് മേഖലയുടെ സുരക്ഷയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിൽ നേരിട്ടുള്ളതും നിർമ്മാണപരമായതുമായ പങ്ക് വഹിക്കാൻ സഹായിക്കുമെന്നും ഡോ. അൻവർ ഗാർഗാഷിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രശ്ന പരിഹാരം കാണുന്നതിന് ലക്ഷ്യമിട്ടുള്ള മുൻ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ശക്തിപ്പെടുത്താനാണ് യു‌എ‌ഇ ശ്രമം. അറബ് സമാധാ‍ന സംരംഭങ്ങളോടും കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തോടുള്ള യു‌എ‌ഇയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ഒപ്പം ഈ പ്രായോഗിക സമീപനത്തിന് അമേരിക്കയും ഒരു സുപ്രധാന പങ്ക് വഹിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി . സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര, സാങ്കേതിക മേഖലകൾ ഉൾപ്പെടെ നിരവധി മേഖലകളിൽ സഹകരണത്തിനുള്ള അവസരങ്ങൾ ഈ കരാറിലുടെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക അംഗീകാരത്തിനായി ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള കിടമത്സരത്തിൽ യുഎഇക്ക് മേൽക്കൈ നേടാനും കരാറിൽ ധാരണയിലെത്തിയത് സഹായകരമാവും. ഏറെക്കാലമായി പാലസ്തീൻ ജനതയുടെ സ്വാതന്ത്ര്യസമരത്തെ അറബ് രാജ്യം പിന്തുണക്കുന്നുണ്ട്. എന്തായാലും ഇരു രാജ്യങ്ങൾക്കിടയിലെ സുഹൃത്ത് ബന്ധം ദൃഢമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് എന്ന് തന്നെ പറയാം

Related Articles

Latest Articles