Sunday, May 5, 2024
spot_img

എയർ ഇന്ത്യ ഉദ്യോഗസ്ഥയുടെ സ്വകാര്യ വിവരങ്ങൾ പുറത്തായി.സംഭവം വിവാദമാകുന്നു

തിരുവനന്തപുരം:എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥ, കോവിഡ് സ്ഥിരീകരിക്കുന്നതിനു മുൻപ് സന്ദർശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് അവരുടെ പേരും വിലാസവും ഫോൺ നമ്പറും സഹിതം പുറത്തായത് വിവാദമായി. ഇവരുടെയും സഹപ്രവർത്തകരായ 5 ക്രൂ അംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങൾ പുറത്തായതു ഗുരുതര വീഴ്ചയാണെന്നു വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കലക്ടർക്കു പരാതി നൽകി.

ഉദ്യോഗസ്ഥ ക്വാറന്റീൻ ലംഘിച്ചിട്ടില്ലെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതരും പൊലീസും വിശദീകരിച്ചു. സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) പ്രകാരം വിമാന ജീവനക്കാർക്ക് നിശ്ചിത ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. വിമാനം പറക്കുന്നതിനു മുൻപും ശേഷവും അവർ സ്രവ സാംപിൾ പരിശോധനയ്ക്കു വിധേയരായി കോവിഡ് രോഗബാധിതരല്ലെന്ന് ഉറപ്പാക്കണമെന്നാണ് ചട്ടം.

വിദേശത്തു നിന്ന് 26നു എത്തിയ ഇൗ ഉദ്യോഗസ്ഥ വിമാനത്താവളത്തിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്രവ സാംപിൾ നൽകി. തുടർന്ന് വിമാന ജീവനക്കാർ താമസിക്കുന്ന ഹോട്ടലിലേക്കു പോയി. 28നു വൈകിട്ട് 6.30നു പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ വിമാന ജീവനക്കാർക്കു ക്വാറന്റീനില്ലാതെ വീട്ടിലേക്കു പോകാമെന്നാണ് ചട്ടം. അതനുസരിച്ച് വീട്ടിലെത്തിയ ശേഷമാണ് സമീപത്തുള്ള കടകളിൽ പോയത്.

അടുത്ത വിമാനയാത്രയ്ക്കു മുൻപായി പരിശോധന നടത്താൻ 30നു രാവിലെ 8 നു വീണ്ടും മെഡിക്കൽ കോളജിലെത്തി സ്രവ സാംപിൾ നൽകി. ഈ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നു 31നു രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ 3 തവണ വിമാനത്തിൽ പോകാൻ തയാറായ ഉദ്യോഗസ്ഥ, ക്വാറന്റീൻ ചട്ടം ലംഘിച്ചുവെന്ന മട്ടിലുള്ള പ്രതികരണങ്ങൾ വേദനാജനകമാണെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഇവരുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ പുറത്തായതും സാമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതും ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കി. ഇങ്ങനെ ഫോൺ നമ്പർ ലഭിച്ച ചില സാമൂഹികവിരുദ്ധർ അതിൽ വിളിച്ച് മോശമായി സംസാരിക്കുകയും ചെയ്തു.

Related Articles

Latest Articles