Thursday, May 2, 2024
spot_img

ഐ എ എസ് തലപ്പത്ത് വൻ അഴിച്ചുപണി ?

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് മേയ് 31ന് വിരമിക്കുന്നതിനെ തുടര്‍ന്ന് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി വരുന്നു. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അടുത്ത ചീഫ് സെക്രട്ടറിയായേക്കും. രാജസ്ഥാന്‍ സ്വദേശിയായ വിശ്വാസ് മേത്ത 1986 ഐഎഎസ് ബാച്ചുകാരനാണ്. 2021 ഫെബ്രുവരി 28വരെ അദ്ദേഹത്തിന് സര്‍വീസുണ്ട്.

വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായാല്‍ സുപ്രധാന വകുപ്പായ ആഭ്യന്തര സെക്രട്ടറിയായി മൂന്നു പേരുകളാണ് പരിഗണനയിലുള്ളതെന്നറിയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, വനം വകുപ്പിന്റെ ചുമതലയുള്ള ആഷാ തോമസ്, ദുരന്തനിവാരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു എന്നിവരില്‍ ഒരാള്‍ ആഭ്യന്തര സെക്രട്ടറിയായേക്കും.

ജില്ലാ കളക്ടര്‍മാരുടെ കാര്യത്തില്‍ അഴിച്ചുപണി തല്‍ക്കാലം ഉണ്ടായേക്കില്ല. എന്നാല്‍ കോട്ടയത്ത് പുതിയ കളക്ടറെ നിയമിക്കും. കോട്ടയം കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഈ മാസം 31ന് വിരമിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കളക്ടര്‍മാരായതിനാല്‍ മറ്റു ജില്ലകളില്‍ മാറ്റമുണ്ടാവില്ല. എറണാകുളം, പത്തനംതിട്ട, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ ഒരു ജില്ലയില്‍ തന്നെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരാണ്.

1990 ബാച്ചുകാരായ അല്‍കേഷ്‌കുമാര്‍ ശര്‍മ, ശാരദാമുരളീധരന്‍, വി.വേണു എന്നിവരെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.

Related Articles

Latest Articles