Monday, October 5, 2026

കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബേറ്

തളിപ്പറമ്പ്: മൊറാഴ പണ്ണേരിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബേറ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ വി. നന്ദകുമാറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. വീടിന്റെ മുന്‍ഭാഗത്തെ ഓടുകളും ജനല്‍ ഗ്ലാസുകളും വരാന്തയിലെ കസേരയും ബോംബേറില്‍ തകര്‍ന്നു. അക്രമസമയത്ത് നന്ദകുമാര്‍ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് തളിപ്പറമ്പ് സിഐ എന്‍.കെ. സത്യനാഥന്‍, എസ്‌ഐ പി.സി. സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിന് മുമ്പ് രാത്രി എട്ടോടെ മൊറാഴയ്ക്ക് സമീപം കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൊട്ടമ്മലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആദര്‍ശിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇയാള്‍ ചെറുകുന്ന് കോണ്‍വന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Latest Articles