ദില്ലി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന സഞ്ജയ ബാരു ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി. 24,000 രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്ന് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പണം അടച്ചതിനു ശേഷം ബാരു വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് ആയിരുന്നു സംഭവം. മദ്യത്തിന്റെ ഹോം ഡെലിവറി ഉണ്ടോയെന്ന് ഓണ്‍ലൈനില്‍ തിരഞ്ഞപ്പോഴാണ് ലാ കേവ് വൈന്‍ ആന്‍ഡ് സ്പിരിറ്റ് എന്ന കടയുടെ പേര് ബാരുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതില്‍ കൊടുത്തിരുന്ന നമ്പറില്‍ ഡയല് ചെയ്തപ്പോള്‍ ഫോണ്‍ എടുത്തയാള്‍ 24,000 രൂപ ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, ഓണ്‍ലൈന്‍ പേയ്മെന്റിനു ശേഷം ഈ നമ്പര്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു.
തുടര്‍ന്നാണ് സഞ്ജയ ബാരു പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നമ്പര്‍ ട്രാക്ക് ചെയ്ത് കാബ് ഡ്രൈവറായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, തന്റെ കൂട്ടാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ക്കായി വ്യാജ സിം കാര്‍ഡുകള്‍ എടുക്കാറുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി.
അഞ്ച് – പത്ത് മിനിറ്റിനുള്ളില്‍ തന്നെ പണം വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്കും മണി വാലറ്റിലേക്കും എത്തും. പിന്നീട് ഇവരുടെ സ്വന്തം അക്കൗണ്ടുകളിലേക്കും എത്തും. നിയമപാലകര്‍ക്ക് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയാത്തവിധം ആസൂത്രിതമായാണ് തട്ടിപ്പ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.

