Monday, April 29, 2024
spot_img

കുവൈത്തിന്റെ വഴിയേ ഖത്തറും ഫിഫയുടെ ബാൻ വാങ്ങുമോ? | QATAR WORLDCUP

വേൾഡ് കപ് മത്സരത്തിൽ ആതിഥേയർ തോല്ക്കുന്നത് ചരിത്രത്തിലാദ്യമാണെന്നു കേൾക്കുന്നു. എക്വഡോർ-ഖത്തർ മത്സരത്തിൽ 2 ഗോളിനാണ് ആതിഥേയരായ ഖത്തർ തോറ്റത്. പക്ഷെ മറ്റു നാടകങ്ങളൊന്നുമില്ലാതെ അവർ ശാന്തരായി മൈതാനമൊഴിഞ്ഞു.

‘പക്ഷെ’ എന്നു പറയാൻ കാരണം മറ്റൊരു ഫീഫാ വേൾഡ് കപ് മത്സരത്തിനെ ഓർത്താണ്. 1982 ഫീഫാ വേൾഡ് കപ്പ് മത്സരത്തിൽ ഫ്രാൻസും കുവെയ്ത്തും ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ നാടകീയ മുഹൂർത്തങ്ങൾ ഓർത്താണ്. അതിൽ ഫ്രാൻസ് മൂന്ന് ഗോളും കുവെയ്ത്ത് ഒന്നും അടിച്ചു. നാലാമത്തെ ഫ്രഞ്ച് ഗോൾ അസാധുവാക്കണം എന്ന് പറഞ്ഞ് കുവെയ്ത്തിന്റെ ടീം മാനേജരും കുവെയ്ത്ത് ഭരണാധികാരിയുടെ സഹോദരനുമായ ഷെയ്ക്ക് അഹമ്മദ് അൽ-ഫഹദ് അൽ-സബാഹ് ഗ്രൌണ്ടിലിറങ്ങി റഫറിയെ വിരട്ടി. അപ്പോൾ കളി തീരാനൊന്നുമായിട്ടില്ലായിരുന്നു. ഗാലറിയിൽ നിന്ന് ആരോ വിസിലടിയ്ക്കുന്നത് കേട്ട് തെറ്റിദ്ധരിച്ചു കളി നിറുത്തിയപ്പോഴാണ് ഫ്രാൻസ് നാലാമത്തെ ഗോളടിച്ചത്; അത് കണക്കാക്കരുത് എന്നായിരുന്നു അയാൾ ഒച്ചവെച്ചത്. സോവിയറ്റ് റഷയുടെ പൌരനായിരുന്ന റഫറി ഇതുവരെ കാണാത്ത ഒരു ഭ്രാന്തൻ നാടകം കണ്ട് പരിഭ്രമിച്ച് ആ ഗോളിനെ വിലക്കി.

ഷെയ്ക്ക് അഹമ്മദ് അൽ-ഫഹദ് അൽ-സബാഹ് ഒരു വിവാദ നായകനാണ്. കരിയറിലുടനീളം കൈക്കൂലി കൊടുക്കൽ തൊട്ട് പലവിധ അസ്വീകാര്യമായ ചെയ്തികളിലും ഉൾപ്പെട്ട് വിവാദങ്ങളുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു –ഇപ്പോഴും. എന്തായാലും അന്നത്തെ ആ ഗോൾ കാൻസൽ ചെയ്യപ്പെട്ടിട്ടും ഫ്രാൻസ് വീണ്ടും ഗോളടിച്ചു. അങ്ങിനെ നാല്-ഒന്ന് എന്ന സ്കോറിൽ കുവെയ്ത്ത് പത്തിയടക്കി ഗ്രൂപ് മത്സരത്തിൽ നിന്ന് ഒഴിവായി. അതിനു ശേഷം കുവെയ്ത്തിനു ഫീഫാ മത്സരങ്ങളിലെ ഫൈനൽ കളികളിലേയ്ക്ക് എത്താൻ കഴിഞ്ഞിട്ടില്ല. 2015-ൽ ഫീഫ ബാൻ ചെയ്യുകയും ചെയ്തു കുവെയ്ത്തിനെ. അവരുടെ ഇന്റേണൽ ഫൂട്ബോൾ അസ്സൊസിയേഷനുകളിൽ അസ്വീകാര്യമായ മൂന്നാം കക്ഷി ഇടപെടലുകൾ വ്യാപകമാണ് എന്ന് കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു നിരോധനം. അത് ശരിയാക്കുന്നതു വരെ നിരോധനം തുടരുമത്രെ.

ദേശത്തിന്റെ സൈസൊക്കെ പോസ്റ്റേജ് സ്റ്റാമ്പിന്റെ വലിപ്പമേയുള്ളു എന്ന് നിസ്സാരമാക്കരുത്. ഗൾഫ് രാഷ്ട്രങ്ങളെ. അവരെ പോലെ അഹങ്കാരികളായ ജനതയെയും ലീഡർഷിപ്പിനേയും മറ്റെവിടേയും കാണില്ല. എണ്ണപ്പണമാണ് അതിനു കാരണം. അങ്ങിനെയൊരു ധിക്കാരം ഖത്തർ കാട്ടിയില്ല, ഈ പരാജയത്തിൽ. ഒരുപക്ഷെ അവരാണ് ആതിഥേയർ എന്നതുകൊണ്ടാവാം.

Related Articles

Latest Articles