Saturday, October 3, 2026

കേരളം; മരണം രണ്ട്

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരന്‍ മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടില്‍ അബ്ദുള്‍ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്‌ഐ ആയിരുന്നു അദ്ദേഹം. നേരത്തേ ദുബായില്‍ നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാന്‍ സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 69 വയസുള്ള ഈ രോഗിക്ക് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇനിയും ഒരു നിഗമനത്തിലെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ഇദ്ദേഹം തോന്നയ്ക്കല്‍ പിഎച്ച്‌സിയില്‍ ആദ്യം രോഗലക്ഷണങ്ങളുമായി എത്തി. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍ തിരികെ വിട്ടു. പിന്നീട് മാര്‍ച്ച് 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്‌സിയിലെത്തി. തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ അവിടത്തെ ഡോക്ടറാണ് ദിശ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

മാര്‍ച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 വരെ ഇദ്ദേഹം പള്ളിയില്‍ പോയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മാര്‍ച്ച് 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്.

Related Articles

Latest Articles