Wednesday, October 7, 2026

കൊറോണയെ പ്രതിരോധിക്കാൻ ഞായറാഴ്ച ‘ജനതാ കർഫ്യൂവിന് ആഹ്വാനം’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയിൽ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നും കൊറോണ വൈറസ് ബാധ രാജ്യം കരുതലോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച(മാര്‍ച്ച് 22) രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണിവരെ ‘ജനതാ കര്‍ഫ്യൂ’ വിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ സമയം ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്നും ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന കര്‍ഫ്യൂ ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സുരക്ഷയ്ക്കായി അധ്വാനിക്കുന്നവർക്ക് നമ്മൾ നന്ദി പറയണം. ഞായറാഴ്ച അഞ്ച് മണിക്ക് വീടിന് മുൻപിൽ നിന്നുകൊണ്ട് ആരോഗ്യ പ്രവർത്തകർക്ക് നമ്മൾ അഭിനന്ദനം അറിയിക്കണം. 5 മിനിറ്റ് നേരം പ്ളേറ്റുകൾ കൂട്ടിയിടിച്ചോ കൈയ്യടിച്ചോ അഭിനന്ദനം അറിയിക്കണം. ഒരു മാസക്കാലത്തേക്ക് ആശുപത്രികളിലെ തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണം. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണം. കൊറോണയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ കുറച്ച് സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു

ഭക്ഷ്യധാന്യം, പാൽ, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളെല്ലാം രാജ്യത്തുണ്ട്. എന്നാൽ മഹാമാരിയെ ഭയന്ന് എല്ലാം വാങ്ങിക്കൂട്ടരുത്. വരുംനാളുകളിൽ രാജ്യത്തെ ജനങ്ങളെല്ലാം തങ്ങളുടെ കർത്തവ്യങ്ങളെല്ലാം കൃത്യമായി പാലിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പല പ്രശ്നങ്ങളും ഇക്കാലത്തുണ്ടാകാം. പക്ഷേ പൗരനെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ തയാറാകണം.

കൊറോണയെത്തുടർന്നു രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ധനമന്ത്രി നിർമല സീതാരാമന്‍റെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സിനു രൂപം നൽകിയിട്ടുണ്ട്. രാജ്യത്തു വന്നിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളും ഈ ടാസ്ക് ഫോഴ്സ് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Related Articles

Latest Articles