മാഹി: കണ്ണൂര് ജില്ലയോട് ചേര്ന്നുള്ള കേന്ദ്ര ഭരണ പ്രദേശമായ മാഹിയും കൊറോണ ഭീതിയില്. പന്തക്കല് എടയില് പീടികയില് രണ്ട് പേരെ ഇന്നലെ കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ചു. ദമ്പതികളായ ഇരുവരെ ആദ്യം മാഹി ഗവ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാജ്യത്ത് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ഏറ്റവും പ്രതിസന്ധിയിലായതില് മാഹിയുമുണ്ട്. ഒന്പത് ചതുരശ്ര കിലോ മീറ്ററില് അര ലക്ഷത്തോളം ജനം തിങ്ങി പാര്ക്കുന്ന ഇവിടെ ആവശ്യത്തിന് പച്ചക്കറി പോലും ലഭിക്കാതായിട്ടുണ്ട്. ഇതിനിടയില് കേരളത്തിലെ ന്യൂ മാഹി പൊലീസ് സ്റ്റേഷനും ഉള്പ്പെടും. ഇതോടെ ഭക്ഷണാവശ്യത്തിനായി സഞ്ചരിക്കാന് ശ്രമിച്ചാല് പോലും പൊലീസിന്റെ തല്ല് കിട്ടുന്ന അവസ്ഥയായിട്ടുണ്ടെന്ന് നാട്ടുകാര് ആരോപിക്കുന്നു. അതേസമയം കൊറോണ കേസുകള് അനിയന്ത്രിതമായി കൂടുന്നതോടെ ഇടപെടല് കര്ശനമാക്കാന് ഒരുങ്ങുകയാണ് പൊലീസ്.

