Monday, April 29, 2024
spot_img

കൊവിഡ് മരണത്തില്‍ പുതിയ കണക്കുമായി ചൈന

ബീജിങ്: കൊറോണ മൂലമുണ്ടായ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. പുതിയ കണക്കുപ്രകാരം 50 ശതമാനം വര്‍ധനവാണ് ഉണ്ടായത്. നേരത്തെ പല കാരണങ്ങള്‍കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതോ നഷ്ടപ്പെട്ടതോ ആയ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് ചൈനയുടെ വാദം.

ഇപ്പോള്‍ 1290 മരണങ്ങള്‍കൂടിയാണ് വുഹാനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതോടെ മരണസംഖ്യ 3869 ആയി. പുതിയ കണക്കുകള്‍ വന്നതോടെ നേരത്തെ മരിച്ചവരില്‍ ഇരട്ടി ആളുകളാണ് വുഹാനില്‍ കൊറോണ ബാധിച്ച് മരിച്ചതെന്നാണ് മനസിലാവുന്നത്.

കൊറോണ ബാധയുടെ ആദ്യഘട്ടത്തില്‍ ആശുപത്രികളില്‍ നിന്നും റിപ്പോര്‍ട്ട് വരാന്‍ വൈകിയെന്നും ചില രോഗികള്‍ അവരുടെ വീടുകളില്‍ വച്ചുതന്നെ മരിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വാദം.

പല രാജ്യങ്ങളിലും പതിനായിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും പ്രഭവ കേന്ദ്രമായ ചൈനയിലെ മരണസംഖ്യ സംശയത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈന പുതുക്കിയ കണക്ക് പുറത്തുവിട്ടത്.

വുഹാനില്‍ സ്ഥിരീകരിച്ച കൊറോണ കേസുകളുടെ എണ്ണവും പരിഷ്‌കരിച്ചിട്ടുണ്ട്. 325 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഇത് 50333 ആയി.

അതേസമയം ചൈന നേരത്തെ പുറത്ത് വിട്ട കണക്കുകള്‍ വ്യാജമാണെന്ന് ആരോപിച്ച് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles