Saturday, April 27, 2024
spot_img

കോവിഡ് വ്യാപനം രൂക്ഷമായി തലസ്ഥാനം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാർക്ക് കോവിഡ്.

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജയിലിലെ നിരീക്ഷണ കേന്ദ്രം ഓഡിറ്റോറിയമാക്കി. 1200 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്. 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഴുവന്‍ തടവുകാര്‍ക്കും കൊവിഡ് പരിശോധന നടത്തും. ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. തലസ്ഥാനത്തെ അഞ്ച് പൊലീസുകാർ കൂടി കൊവിഡ് ബാധിതരായി.

അതേസമയം മുഴുവൻ കൊവിഡ് രോഗികളുടെയും ടെലിഫോൺ റെക്കോർഡ് ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിലായി. രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും കോൾ വിശദംശങ്ങൾ പൊലീസ് ദുരുപയോഗം ചെയ്തേക്കാമെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്. എന്നാൽ സമ്പർക്കപട്ടിക്ക തയ്യാറാക്കൽ എളുപ്പമാക്കാനാണ് സിഡിആർ ശേഖരിക്കുന്നതെന്നാണ് പൊലീസ് വിശദീകരണം.

ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരുടെയോ, അന്വേഷണം നേരിടുന്നവരുടെയോ ഫോൺ വിളി വിശദാംശങ്ങളാണ് സാധാരണ പൊലീസ് ശേഖരിക്കാറുള്ളത്. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് പ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള ഗുരുതര പ്രശ്‍നങ്ങളില്‍ മാത്രമേ ഫോൺ റെക്കോഡോ, വിശദാംശങ്ങളോ ശേഖരിക്കാവു. എന്നാൽ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനെന്ന പേരിലാണ് മുഴുവൻ കൊവിഡ് രോഗികളുടെയും ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നത്.

രോഗിയായതിന്‍റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത്, മൗലികാവകാശ ലംഘനമാണെന്നാണ് നിയമവിദഗ്‍ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് രോഗികളോട് സംസാരിക്കാനുള്ള തടസ്സങ്ങൾ മൂലമാണ് ഫോൺ വിശദാംശങ്ങൾ ശേഖരിക്കുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

Related Articles

Latest Articles