Friday, May 10, 2024
spot_img

സ്വർണ്ണക്കടത്ത്: സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യ കോടതി നാളെ പരിഗണിക്കും. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ്.

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷ്, സെയ്തലവി, സംജു എന്നിവരുടെ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി നാളെ വിധി പറയും. സംജു ,സെയ്തലവി എന്നിവർ ഇന്നാണ് ജാമ്യാപേക്ഷയുമായി സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ എത്തിയത്. തുടർന്ന് ജാമ്യഹർജികൾ ഒരുമിച്ച് വിധി പറയാൻ കോടതി മാറ്റുകയായിരുന്നു.

പ്രതികൾ നിയമ വിരുദ്ധമായി വ്യവസായിക അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് നടത്തിയതെന്ന് ഹർജികളെ എതിർത്ത് കൊണ്ട് കസ്റ്റംസ് വാദിച്ചു. എല്ലാവരും ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തേക്ക് അയച്ച ശേഷം സ്വർണം കൊണ്ടുവരികയായിരുന്നു. രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയാണ് ഇതിന് പിന്നിൽ. വിദേശത്തുള്ള പ്രതികൾ കുടി പിടിയിലാകുന്നത് വരെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് വാദിച്ചു.

ഇതിനിടെ ലൈഫ് മിഷൻ പദ്ധതി വഴിയുള്ള നിർമ്മാണ കരാർ ലഭിക്കാൻ സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തി കരാറുകാരൻ സന്തോഷ് ഈപ്പൻ രംഗത്തെത്തി. ദുബായ് കോണ്‍സുലേറ്റ് വടക്കാഞ്ചേരിയിൽ ഏറ്റെടുത്ത ഫ്ലാറ്റ് നിർമ്മാണത്തിൻ്റെ കരാർ ലഭിച്ചത് സ്വപ്നയും സന്ദീപും വഴിയാണെന്നും യൂണിടെക് ബിൽഡേഴ്സ് എം ഡി സന്തോഷ് ഈപ്പൻ പറഞ്ഞു.

Related Articles

Latest Articles