Friday, May 17, 2024
spot_img

കോവിഡ് സാമ്പത്തികമായി തകർത്തു…കരകയറാൻ ബി.സി.സി.ഐയുടെ പുതിയ ആശയം , ഒരേ സമയം രണ്ട്‌ ടീം, പരമ്പര…ആകാംക്ഷയോടെ ആരാധകർ…

കോവിഡ്‌ -19 വൈറസ്‌ വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്‌ടം മറികടക്കാന്‍ വ്യത്യസ്‌തമായ ആശയവുമായി ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (ബി.സി.സി.ഐ.).
നഷ്‌ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍ ഒരേ സമയം രണ്ട്‌ ടീമുമായി രണ്ടു പരമ്പരകള്‍ കളിക്കാനാണ്‌ ബോര്‍ഡ്‌ ആലോചിക്കുന്നത്‌. ഒരു ടീം ഏകദിന, ട്വന്റി20 പരമ്പരകള്‍ കളിക്കുമ്പോള്‍ രണ്ടാമത്തെ ടീം ടെസ്‌റ്റ് മത്സരങ്ങള്‍ കളിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 സീസണ്‍ റദ്ദാക്കുകയാണെങ്കില്‍ 3800 കോടി രൂപയുടെ ഭീമന്‍ നഷ്‌ടം ബി.സി.സി.ഐ. നേരിടേണ്ടി വരും. ഈ നഷ്‌ടം 10,000 കോടി രൂപ വരെയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.
രാജ്യാന്തര ക്രിക്കറ്റ്‌ പുനരാരംഭിച്ച ശേഷം ഈ ആശയം നടപ്പാക്കേണ്ടി വരുമെന്നു ബി.സി.സി.ഐ. ഒഫീഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌റ്റാറിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി. രണ്ട്‌ വ്യത്യസ്‌ത ടീമുകളെന്ന ആശയം ഓസ്‌ട്രേലിയ മുമ്പ്‌ നടപ്പാക്കിയിരുന്നു. 2017 ല്‍ ഒരു ടീം ശ്രീലങ്കയ്‌ക്കെതിരേ ട്വന്റി20 പരമ്പരയും മറ്റൊരു ടീം ഇന്ത്യക്കെതിരേ ടെസ്‌റ്റ് പരമ്പരയും കളിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു മത്സരങ്ങള്‍. ബോര്‍ഡര്‍ -ഗാവസ്‌കര്‍ ട്രോഫിയും ട്വന്റി20 പരമ്പരയും ഒരുമിച്ചു നടന്നതു ശ്രദ്ധേയമായി.
ആശയം പ്രാവര്‍ത്തികമായാല്‍ ഇന്ത്യന്‍ ടീമുകള്‍ ഒരേ സമയം രണ്ടിടത്തായി രണ്ട്‌ വ്യത്യസ്‌ത മത്സരങ്ങള്‍ കളിക്കുന്ന അപൂര്‍വ കാഴ്‌ചയ്‌ക്കു വേദിയൊരുങ്ങും. കോടികള്‍ മുടക്കി മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിയ ചാനലുകളുടെ സമ്മര്‍ദവും ബി.സി.സി.ഐയെ പുത്തന്‍ ആശയത്തിനു പ്രേരിപ്പിച്ചു. ഒരേ സമയം രണ്ട്‌ ടീമുകളെ അണിനിരത്തിയാല്‍ ചാനലകളുടെ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാമെന്നാണു കണക്കുകൂട്ടല്‍. ഒരു ദിവസം തന്നെ ടെസ്‌റ്റും ട്വന്റി20യും കാണാന്‍ ആരാധകര്‍ക്ക്‌ അവസരം ലഭിക്കും. ബോര്‍ഡ്‌ തങ്ങളുടെ ആശയം ഇന്ത്യന്‍ ടീം കോച്ചിങ്‌ സ്‌റ്റാഫിനെ അറിയിച്ചു. ഒരേ സമയം രണ്ടു ടീമുകളെ ഇറക്കുന്നതിനുള്ള സാധ്യതകള്‍ അവര്‍ പഠിക്കുകയാണ്‌…

Related Articles

Latest Articles