ചെങ്ങന്നൂർ : ലോകത്തിനു മുന്നിൽ പ്രതീക്ഷയുടെ വെളിച്ചമായാണ് ആ വാർത്ത വന്നത്. ‘കോവിഡിനെതിരെയുള്ള വാക്സിൻ പരീക്ഷണത്തിൽ ഓക്സ്ഫോർഡ് സർവകലാശാല മുന്നേറുന്നു’. ലോകത്തെവിടെയും എന്ന പോലെ ആ നേട്ടത്തിനു പിന്നിലും ഒരു മലയാളിയുടെ കയ്യുമുണ്ട്. ഈ മാസം 23 നാണ് വാക്സിൻ മനുഷ്യനിൽ പരീക്ഷിച്ചത്.
ഓക്സ്ഫോർഡിലെ ജെന്നർ ഇന്സ്ടിട്യൂട്ടിൽ പരീക്ഷണങ്ങൾക്കു ചുക്കാൻ പിടിക്കുന്ന സംഘത്തിൽ ഒരു ചെങ്ങന്നൂരുകാരിയുമുണ്ട്. രേഷ്മ ജോസഫ് തൈക്കകത്ത്. തിരുവൻവണ്ടൂർ തൈക്കകത്ത് നൈജിൻ ജോസിന്റെ ഭാര്യ ആണ് രേഷ്മ. ഇരുവരും കുടുംബമായി യുകെയിലാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥികളാണ് നൈജിനും ഭാര്യ രേഷ്മയും.
കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകളായി ജനനം. കോട്ടയത്തും റിയാദിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ, നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ബയോമെഡിക്കൽ സയൻസിൽ തുടർപഠനം. 2 വർഷം മുൻപാണ് ഓക്സ്ഫോർഡിൽ ചേരുന്നത്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത മരുന്ന് വിജയിക്കുമെന്നു തന്നെയാണ് രേഷ്മയുടെയും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരുടെയും പ്രതീക്ഷ. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത വാക്സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് വിശ്വസിക്കുന്നത്. വാക്സിനുകള്‍ വികസിപ്പിക്കുന്നതിന് ബ്രിട്ടനിലെ മെഡിക്കല്‍ ടീമിന് വന്‍ പിന്തുണയാണ് ഗവണ്‍മെന്റ് നല്‍കിയത്. ഓരോ വാക്സിന്‍ വികസന പദ്ധതികള്‍ക്കും കുറഞ്ഞത് 20 മില്യണ്‍ പൗണ്ടാണ് മാറ്റ് ഹാന്‍കോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡ് -19 നായി വാക്സിന്‍ വികസിപ്പിക്കാന്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജും ശ്രമിക്കുന്നുണ്ട്.

