Wednesday, May 22, 2024
spot_img

ചൈനയ്ക്ക് ഭയം കൂടുന്നു; പ്രിയ തോഴൻ മാലിദ്വീപിനും കാര്യം മനസിലായി

ദില്ലി : മാലി ദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢവും കൂടുതൽ ഉഷ്മളവുമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി മാലി കണക്ടിവിറ്റി പദ്ധതിക്ക് ഇന്ത്യ 100 ദശലക്ഷം ഡോളര്‍ ഗ്രാന്റായും, 400 ദശലക്ഷം വായ്പയും നല്‍കും. ഇത് സംബന്ധിച്ച വിവരം മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോളിഹ് ആണ് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി പറഞ്ഞ് പ്രസിഡന്റ് സോളിഹ് ട്വീറ്റ് ചെയ്തു. പ്രസിഡന്റിനെ കൂടാതെ മാലി വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്ത് വന്നു. തന്റെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായം വാഗ്ദ്ധാനം ചെയ്ത ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത് . ഗ്രേറ്റര്‍ മാലെ കണക്ടിവിറ്റി പദ്ധതി ഇന്ത്യ-മാലദ്വീപ് ബന്ധത്തിലെ ഒരു പുതിയ നാഴികക്കല്ലായിരിക്കുമെന്നും, മാലിദ്വീപിന്റെ സാമ്പത്തിക, വ്യാവസായിക പരിവര്‍ത്തനത്തെ വേഗത്തിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, കോവിഡ് മൂലമുള്ള സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിന് മാലിദ്വീപിനെ ഇന്ത്യ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു

മാലിദ്വീപിലെ ഏറ്റവും വലിയ സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയാണിത്. മാലി (മാലിദ്വീപിന്റെ തലസ്ഥാനം) മൂന്ന് അയല്‍ ദ്വീപുകളായ വില്ലിംഗിലി, ഗുല്‍ഹിഫാഹു, തിലാഫുഷി എന്നീ ദ്വീപുകളുമായാണ് ബന്ധിപ്പിക്കുന്നത്. ഈ പദ്ധതി പൂര്‍ത്തിയായാല്‍, നാല് ദ്വീപുകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. അതുവഴി മാലി മേഖലയിലെ സമഗ്ര നഗരവികസനം ഉണ്ടാകുകയും ചെയ്യും.

അതിനിടെ , ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ രണ്ട് നിര്‍ണായക അയല്‍ക്കാര്‍ തമ്മിലുള്ള വളര്‍ന്നുവരുന്ന പങ്കാളിത്തം, ദ്വീപ് രാഷ്ട്രത്തില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനുള്ള വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ സൗഹൃദത്തെ തീവ്ര ഭയത്തോടെയാണ് ചൈന നോക്കികാണുന്നത്

Related Articles

Latest Articles