Wednesday, May 8, 2024
spot_img

ട്രംപ് ഇടഞ്ഞുതന്നെ; ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. 3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുന്ന അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്.

കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ നേരത്തെയും അമേരിക്ക രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുപ്പത് ദിവസത്തിനകം രോഗം തടയുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചില്ലെങ്കില്‍ , സംഘടനക്കുള്ള ഫണ്ട് സ്ഥിരമായി നിര്‍ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

2019 ഡിസംബറില്‍ തന്നെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് അറിവുണ്ടായിരുന്നു എന്നും ചൈനയ്ക്കുവേണ്ടി വിവരങ്ങള്‍ മറച്ചുവച്ചു എന്നും നേരത്തെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

അമേരിക്കയിലും ബ്രസീലിലും കൊവിഡ് കനത്ത നാശം വിതയ്ക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അമേരിക്കയില്‍ 24,802 പേരിലും ബ്രസീലില്‍ 29,526 പേരിലും രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ പുതുതായി 1,209 പേരും ബ്രസീലില്‍ 1,180 ആളുകളും മരണപ്പെട്ടു. റഷ്യയില്‍ 8,572 പേരിലും പെറുവില്‍ 6,506 ആളുകളിലും ചിലിയില്‍ 3,695 പേരിലും മെക്സിക്കോയില്‍ 3,377 പേരിലും പുതുതായി രോഗം പിടിപെട്ടു.

Related Articles

Latest Articles