Sunday, May 5, 2024
spot_img

ട്രഷറി തട്ടിപ്പ്: ധനകാര്യമന്ത്രിയോട് ഒരുപിടി ചോദ്യങ്ങളുമായി കെ.സുരേന്ദ്രന്‍.

തിരുവനന്തപുരം : ട്രഷറി തട്ടിപ്പുകള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ധനകാര്യമന്ത്രിയോട് പ്രസക്തമായ ഒരുപിടി ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന തുകയില്‍ നിന്നും രണ്ട് കോടി രൂപ സിപിഎം അനുഭാവിയായ നേതാവും സീനിയര്‍ ട്രഷററുമായ എആര്‍ബിജുലാല്‍ തട്ടിയെടുത്ത സംഭവത്തില്‍ നേരത്തെ പ്രതികരണവുമായി എത്തിയതിന് പിന്നാലെയാണ് ധനകാര്യമന്ത്രിയോട് ചോദ്യങ്ങളുമായി സുരേന്ദ്രന്‍ എത്തിയിരിക്കുന്നത്.

രാജ്യത്തെ പൗരന്മാര്‍ എല്ലാ കാലത്തും ഏറ്റവും കൂടുതല്‍ വിശ്വസിച്ചിരുന്നത് ട്രഷറികളെയാണെന്നും പൊതുമേഖലാ ബാങ്കുകളിലടക്കം തട്ടിപ്പുകള്‍ നടക്കുമ്പോള്‍ രാജ്യത്തെ ട്രഷറികള്‍ പൊതുവെ സുരക്ഷിതമായിരുന്നുവെന്നും സുരേന്ദ്രന്‍ പറയുന്നു. എന്നാല്‍ രണ്ടുകോടി രൂപ ട്രഷറിയില്‍ നിന്ന് ഒരു സി. പി. എം അനുകൂല സര്‍വ്വീസ് സംഘടനാ നേതാവ് തട്ടിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും ഇതിനൊന്നും ഒരു കണക്കും ഇല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

ട്രഷറി ഇടപാടുകള്‍ പരിശോധിക്കാന്‍ ഒരു സംവിധാനവും നമ്മുടെ സംസ്ഥാനത്തില്ലേ? ഓരോ മാസവും നിക്ഷേപിക്കപ്പെട്ട തുകയും പിന്‍വലിച്ച തുകയും ടാലി ആവുന്നുണ്ടോ എന്നറിയാന്‍ എന്തു വലിയ സാങ്കേതികവിദ്യയാണ് വേണ്ടത്? കമ്പ്യൂട്ടര്‍ സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്തും മാന്വല്‍ ആയി ഇതെല്ലാം ഭംഗിയായി നടന്നിരുന്നില്ലേ? ഈ കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് എന്താണ് പറയാനുള്ളത്? എന്നും അദ്ദേഹം ചോദിക്കുന്നു. കൂടാതെ ഒരുപാട് ചോദ്യങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles