കോഴിക്കോട്: ശിവശങ്കറിന്റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചിരിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മന്ത്രി ജലീല്‍ നടത്തുന്നത് നാടകമാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ആരോപിക്കുന്നത്. വിശ്വാസിയായ മന്ത്രിയായ ജലീല്‍ പരിശുദ്ധ റമദാന്‍ മാസത്തെ സക്കാത്ത് കിറ്റുമായി ബന്ധപ്പെട്ട് കള്ളം പറയുകയാണ്. ജലീല്‍ പറയുന്നതിലെല്ലാം ആശയക്കുഴപ്പമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
നാടകീയത അനുഭവപ്പെടുത്തിയാണ് ജലീല്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. സ്വര്‍ണക്കടത്തുകാരുമായി ജലീലും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളും വിളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുകാര്‍ ജലീലിന്റെ ഓഫീസില്‍ വന്നിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ജലീലിന് ബന്ധമുണ്ട്. കെ.ടി ജലീലിനെ സംരക്ഷിക്കുന്ന നടപടികളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ജലീല്‍ നല്‍കുന്നത് വസ്തുതാപരമായ വിശദീകരണമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വിശ്വാസ്യത തെളിയിക്കാന്‍ ജലീല്‍ തന്റെ ടെലിഫോണ്‍ രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാകണം. ശിവശങ്കറിന്റെ സൗഹൃദങ്ങളെല്ലാം അസാധാരണമാണ്. സ്വര്‍ണക്കടത്തുകാരും ശിവശങ്കറുമായുള്ള ബന്ധം സാധാരണ സൗഹൃദമല്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ചീഫ് സെക്രട്ടറിതല അന്വേഷണം പരിഹാസ്യമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. ഒന്നിലധികം മന്ത്രിമാരും നേതാക്കളും കേസില്‍ ഉള്‍പ്പെടുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയ്ക്ക് എന്തൊക്കെയോ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാനുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. നാളെയും മറ്റന്നാളും ജില്ലാ തലത്തില്‍ സത്യാഗ്രഹ സമരം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുപോലെ ദുരുപയോഗപ്പെടുത്തിയ സംഭവം ഒരു സംസ്ഥാനങ്ങളിലും ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ ജനകീയ പ്രക്ഷോഭം നടത്തിയ പിണറായി ആ ധാര്‍മ്മിക എന്തുകൊണ്ടാണ് ഉയര്‍ത്തിപിടിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

