Tuesday, May 7, 2024
spot_img

ദില്ലിയില്‍ കോവിഡ് പരിശോധന മൂന്നിരട്ടിയാക്കും; കുറഞ്ഞനിരക്കില്‍ ചികിത്സ: അമിത്ഷാ

ദില്ലി: ദില്ലിയില്‍ കോവിഡ് പരിശോധന മൂന്നിരട്ടി വരെ വര്‍ധിപ്പിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ദില്ലിയിലെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം.

ദില്ലി സര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രം അഞ്ച് ഉദ്യോഗസ്ഥരെ നിയമിച്ചു. 500 കോച്ചുകള്‍ കോവിഡ് വാര്‍ഡാക്കും. സ്വകാര്യാശുപത്രിയില്‍ കുറഞ്ഞനിരക്കില്‍ ചികിത്സ ഏര്‍പ്പെടുത്തും. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കും

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യമന്തി ഹര്‍ഷ്‌വര്‍ധനും യോഗത്തില്‍ പങ്കെടുത്തു.

ദില്ലിയിലെ കോവിഡ് ബാധിതരുടെ എണ്ണം നാല്‍പതിനായിരത്തോട് അടുക്കുകയും മരണസംഖ്യ 1,271 ആവുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം പ്രത്യേക യോഗം ചേര്‍ന്നത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ പ്രതിനിധി, എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയഎന്നിവരും യോഗത്തില്‍ പങ്കെടുത്തു. ദില്ലിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വൈകിട്ട് 5 മണിക്ക് മേയര്‍മാരുമായും അമിത് ഷാ ചര്‍ച്ച നടത്തും.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ദില്ലി സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം. അതെ സമയം ദില്ലിയില്‍ കോവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അധികാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിറക്കി.

നിബന്ധനകള്‍ ആദ്യം ലംഘിച്ചാല്‍ 500 രൂപയും ആവര്‍ത്തിച്ചാല്‍ 1000 രൂപയുമാണ് പിഴ ചുമത്തുക. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഒരുദിവസം രാജ്യത്ത് 11,000 ലധികം കേസുകളും 350 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Latest Articles