Friday, May 17, 2024
spot_img

ദേശസ്‌നേഹത്തിന്റെ പ്രതീകം,സ്വാതന്ത്ര്യസമരപോരാളി; റാം പ്രസാദ് ബിസ്മിലിന്റെ ജന്മദിനം ഇന്ന്

ഇന്ന് പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി റാം പ്രസാദ് ബിസ്മിലിന്റെ ജന്മദിനമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളെ മുന്‍ നിരയില്‍ നിന്ന് നയിച്ച ദീപ്തവ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു ബിസ്മിലിന്റേത്.

അസാമാന്യ പ്രതിഭയുള്ള ഒരു എഴുത്തുകാരനായിരുന്നു റാം പ്രസാദ് ബിസ്മില്‍. സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിക്കുവാന്‍ വേണ്ടി അദ്ദേഹം റാം, അഗ്യാത്, ബിസ്മില്‍ എന്നീ മൂന്നു തൂലികാനാമങ്ങളില്‍ നിരന്തരം ലേഖനങ്ങളും കവിതകളും മറ്റും എഴുതിയിരുന്നു. എന്നാല്‍ സ്വന്തം എഴുത്തിനേക്കാള്‍ അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്, ബിസ്മില്‍ എന്നു തന്നെ പേരുള്ള മറ്റൊരു കവിയുടെ ഒരു ഗീതമാണ്.

ബ്രിട്ടീഷുകാരുടെ തടവില്‍ കിടന്നിരുന്ന കാലത്ത് റാം പ്രസാദ് ബിസ്മിലും, ഭഗത് സിങ്ങും, രാജ്ഗുരുവും, സുഖ്‌ദേവും, അഷ്ഫാഖുള്ളാ ഖാനും ഒക്കെയടങ്ങുന്ന വിപ്ലവകാരികളുടെ നാവിന്‍ തുമ്പില്‍ സദാ ഈ ഗീതമുണ്ടാവുമായിരുന്നു.

വിചാരണയ്ക്കായി ജയിലില്‍ നിന്നും കോടതിയിലേക്ക് ട്രക്കില്‍ കൊണ്ടുപോവും വഴിയും, അവരില്‍ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന്റെ തീ അണയാതെ കാത്തിരുന്നത് ഈ ഗീതമായിരുന്നു.

തൂലിക മാത്രമല്ല കൈത്തോക്കും റാം പ്രസാദ് ബിസ്മിലിന് നന്നായി വഴങ്ങുമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ അദ്ദേഹമാണ് ബംഗാളിലെ വിപ്ലവകാരികളായ സചീന്ദ്ര നാഥാ സന്യാല്‍, ജടുഗോപാല്‍ മുഖര്‍ജി എന്നിവരുമായി ചേര്‍ന്നുകൊണ്ട് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവസംഘടന സ്ഥാപിക്കുന്നത്.

അതില്‍ ആദ്യകാലം മുതല്‍ സജീവാംഗങ്ങളായിരുന്ന രണ്ടു രണ്ടുപേരുണ്ട്. ഭഗത് സിങ്ങും ചന്ദ്രശേഖര്‍ ആസാദും. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രസിദ്ധമായ ‘കാകോരി ട്രെയിന്‍ കൊള്ള’ നടപ്പിലാക്കിയത് ബിസ്മിലും, അഷ്ഫാഖുള്ളാ ഖാനും ഒക്കെ ചേര്‍ന്നുകൊണ്ടാണ്. 1925 -ലായിരുന്നു ആ സംഭവം.

ഈ സംഭവം ബ്രിട്ടീഷുകാരെ വല്ലാതെ പ്രകോപിതരാക്കി. ഒടുവില്‍ ബിസ്മിലും,അഷ്ഫാഖുള്ളാ ഖാനുമടക്കം രണ്ടു ഡസന്‍ എച്ച്ആര്‍എ അംഗങ്ങള്‍ ഒരു മാസത്തിനകം ബ്രിട്ടീഷുകാരുടെ പിടിയിലായി. ബിസ്മില്‍, അഷ്ഫാഖുള്ളാ ഖാന്‍, റോഷന്‍ സിങ്ങ്, രാജേന്ദ്ര നാഥ് ലാഹിരി എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചു. മറ്റുള്ളവര്‍ക്ക് ജീവപര്യന്തവും.

വധശിക്ഷ കാത്തുകൊണ്ട് ലഖ്നൗ സെന്‍ട്രല്‍ ജയിലിന്റെ പതിനൊന്നാം നമ്പര്‍ ബാരക്കില്‍ കഴിയവേ ബിസ്മില്‍ തന്റെ ആത്മകഥ എഴുതി. ഈ ജയിലില്‍ വച്ച് തന്നെയാണ് അദ്ദേഹം ‘മേരെ രംഗ് ദേ ബസന്തി ഛോലാ… ‘ എന്ന പ്രസിദ്ധമായ പാട്ടും എഴുതുന്നത്. അതും സ്വാതന്ത്ര്യ സമര കാലത്ത് ഏറെ ജനപ്രിയമായി മാറിയിരുന്നു.

തന്റെ മുപ്പതാമത്തെ വയസ്സില്‍ ബ്രിട്ടീഷുകാരാല്‍ കഴുവേറ്റപ്പെടുന്നതിന് നിമിഷങ്ങള്‍ മുമ്പ് ബിസ്മില്‍ തന്റെ അമ്മയ്ക്ക് അവസാനത്തെ കത്തെഴുതിവച്ചു. എന്നിട്ട് വളരെ ശാന്തനായി കഴുമരത്തിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിച്ചപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ ‘ജയ് ഹിന്ദ്…’ എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു.

Related Articles

Latest Articles