Monday, October 5, 2026

നേഴ്സുമാർക്ക് സാന്ത്വനവുമായി ലാലേട്ടൻ

ദില്ലി: വിഷുദിനത്തില്‍ ഡല്‍ഹിയില്‍ ക്വാറൻ്റൈനില്‍ കഴിയുന്ന മലയാളി നേഴ്‌സുമാരെ സാന്ത്വനിപ്പിച്ച് നടൻ മോഹൻലാൽ.ഡല്‍ഹിയിലെ നേഴ്സുമാരുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയായിരുന്നു.നേഴ്‌സുമാര്‍ക്ക് മാനസിക പിന്തുണ നല്‍കാനാണ് താരം വിളിച്ചത്. തങ്ങള്‍ ആരാധിക്കുന്ന നടനോട് സംസാരിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു അവര്‍.

ഡല്‍ഹിയിലുള്ള കോവിഡ് ബാധിച്ച മലയാളി നേഴ്സുമാരായ സ്മിത, സിജി തുടങ്ങിയവരോടാണ് മോഹന്‍ലാല്‍ സംസാരിച്ചത്. നേഴ്സമാരുടെ കുടുംബത്തെയും കുട്ടികളേയും കുറിച്ച്‌ താരം അന്വേഷിച്ചിരുന്നു. ഒപ്പം ഇവരാണ് യഥാര്‍ത്ഥത്തില്‍ വലിയ ഹീറോസ് എന്നും പറഞ്ഞു. തങ്ങളൊക്കെ കൂടെയുണ്ടെന്നും അവര്‍ക്കു വേണ്ടി ഓരോ നിമിഷവും മനസ്സ് കൊണ്ട് പ്രാര്‍ഥിക്കുന്നുണ്ടെന്നും ആ പ്രാര്‍ഥനക്ക് വലിയ ശക്തിയുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും താരം പറഞ്ഞു. അതേസമയം,മോഹന്‍ലാലിനോട് അവിടെ നേരിടുന്ന വിഷമതകളെ കുറിച്ചും നേഴ്‌സുമാര്‍ സംസാരിച്ചു. തങ്ങള്‍ക്കവിടെ ഫലപ്രദമായ രീതിയില്‍ ടെസ്റ്റുകള്‍ പോലും നടക്കുന്നില്ലെന്നും, അവിടുത്തെ ഭക്ഷണത്തെകുറിച്ചും നേഴ്‌സമാർ പറഞ്ഞു. തങ്ങള്‍ക്ക് ഉപ്പിട്ട കഞ്ഞി കിട്ടിയാല്‍ മതിയെന്നും മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നുമാണ് സിജി പറഞ്ഞത്.തങ്ങള്‍ എല്ലാവരും കൂടെയുണ്ടെന്നും തന്നെക്കൊണ്ട് കഴിയുംവിധം അവരെ സഹായിക്കാന്‍ വേണ്ട കാര്യങ്ങളെല്ലാം ചെയ്യാമെന്നും മോഹന്‍ലാല്‍ അവര്‍ക്കു ഉറപ്പു നല്‍കി.

കൂടാതെ, കേരളത്തിലെ പല സ്ഥലങ്ങളിലെ ഫാന്‍സ് പ്രവര്‍ത്തകരോട് താരം ഫോണില്‍ സംസാരിക്കുകയും അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. ഒപ്പം എന്ത് സഹായം വേണമെങ്കിലും അവര്‍ക്കു ചെയ്തു കൊടുക്കാമെന്നും താരം ഉറപ്പു നല്‍കി. സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മോഹന്‍ലാലും പങ്കാളിയാണ്. സര്‍ക്കാരുമായി ഏറ്റവും കൂടുതല്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന സിനിമാ താരം കൂടിയാണ് അദ്ദേഹം.

Related Articles

Latest Articles