Saturday, May 18, 2024
spot_img

നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരനായ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി : നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കുട്ടിയുടെ മരണകാരണം സംബന്ധിച്ച്‌ വ്യക്തത കിട്ടും. ഇതോടെ തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം . കുട്ടിയുടെ മരണം ചികിത്സ പിഴവ് മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി – രാജു ദമ്പതികളുടെ മകനായ മൂന്നുവയസ്സ് മാത്രം പ്രായമുള്ള
പൃഥ്വിരാജാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഞായറാഴ്ചയാണ് കുഞ്ഞ് നാണയം വിഴുങ്ങിയത്. അവശനിലയിലായ കുഞ്ഞുമായി മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുഞ്ഞിനെ ആദ്യം ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സംഭവത്തെ ഗൗരവത്തോടെ കാണാതെ കുഞ്ഞിനെ വീട്ടിലെത്തിച്ച്‌ ചോറും പഴവും നല്‍കാനാണ് ആവശ്യപ്പെട്ടതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വന്നതിനാല്‍ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് മെഡിക്കല്‍കോളേജില്‍ നിന്ന് പറഞ്ഞുവെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വീട്ടിലെത്തിച്ച കുഞ്ഞിന്റെ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം.ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പ്രത്യേക സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തുക. നാണയം കുടുങ്ങിയതുമൂലമാണ് മരണമെന്ന് വ്യക്തമായാല്‍ ആശുപത്രികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കും.

Related Articles

Latest Articles