Saturday, May 4, 2024
spot_img

ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് സുശാന്ത് ഗൂഗിളില്‍ ആവര്‍ത്തിച്ച്‌ തിരഞ്ഞത് മൂന്നു കാര്യങ്ങള്‍; മുംബൈ പൊലീസിന്റെ വെളിപ്പെടുത്തല്‍

മുംബൈ : ആത്മഹത്യയ്ക്ക് തൊട്ടുമുൻപുള്ള ആഴ്ചയില്‍ നടന്‍ സുശാന്ത് സിങ് രാജ്പുത് ഗൂഗിളിൽ ആവർത്തിച്ച് തെരഞ്ഞത് മൂന്ന് കാര്യങ്ങളാണെന്ന് പൊലീസ് .

വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ സ്വന്തം പേര്, അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പ് ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിഷാ സാലിയന്റെ പേര്, മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയാണ് സുശാന്ത് ഗൂഗിളില്‍ തെരഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഒരു പ്രമുഖ ദേശീയ മാധ്യമത്തിനോട് വെളിപ്പെടുത്തി.

കലിന ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജൂണ്‍ 14ന്, സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും സ്വന്തം പേര് ഗൂഗിള്‍ ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.

“ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെടുത്തി തന്റെ പേരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്ന് സുശാന്തിന് അറിയാമായിരുന്നു. ഈ അഭ്യൂഹങ്ങള്‍, മാധ്യമങ്ങളില്‍ എത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഓണ്‍ലൈനില്‍ തെരഞ്ഞത് . ഈ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ അവസ്ഥയെ വഷളാക്കിയതായി തോന്നുന്നു. ആത്മഹത്യയ്ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് സുശാന്ത് സ്വന്തം പേര് ഗൂഗിള്‍ ചെയ്തിരുന്നു,” ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനുപുറമേ , നടന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും കണ്ടെത്തിയിട്ടുണ്ട്. “പണം കൈമാറിയ എല്ലാ അക്കൗണ്ടുകളും അറിയാവുന്നവ തന്നെയായിരുന്നു. ഏറ്റവും വലിയ കൈമാറ്റം കഴിഞ്ഞ വര്‍ഷം 2.8 കോടി രൂപയായിരുന്നു, ഇത് ജിഎസ്ടിക്ക് വേണ്ടിയായിരുന്നു,” ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ ഇതുവരെ 40 ഓളം പേരുടെ മൊഴികള്‍ മുംബൈ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് സൈക്യാട്രിസ്റ്റുമാരുടേയും ഒരു സൈക്കോതെറാപ്പിസ്റ്റിന്റെയും മൊഴി കഴിഞ്ഞ മാസം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

“ചികിത്സയ്ക്കായി സുശാന്ത് തങ്ങളെ സമീപിച്ചതായി മൂന്ന് പേരും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍​ നിര്‍ദേശിച്ച മരുന്നുകളും അവര്‍ കൈമാറി,” ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരേ വീട്ടില്‍ താമസിച്ചിരുന്ന സുശാന്തിന്റെ സുഹൃത്തായ സിദ്ധാര്‍ത്ഥ് പിത്താനിയുടെ പ്രസ്താവനയില്‍ നിന്ന്, നടന് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

“കുറിപ്പടിയില്‍ നിന്നും, അദ്ദേഹത്തിന്റെ സുഹൃത്ത്, പാചകക്കാരന്‍, പരിപാലകര്‍ എന്നിവരുടെ പ്രസ്താവനയില്‍ നിന്നും പരസ്പരവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. സുഖം പ്രാപിക്കാന്‍ തുടങ്ങിയ ശേഷം മരുന്ന് കഴിക്കുന്നത് സുശാന്ത് നിര്‍ത്തി,” ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിത്താനിയെ കൂടാതെ റിയ ചക്രവര്‍ത്തി, സുശാന്തിന്റെ പിതാവ് കെ കെ സിങ്, സഹോദരിമാരായ നീതു, മീതു സിങ് എന്നിവരില്‍ നിന്നും പൊലീസ് മൊഴി എടുത്തിട്ടുണ്ട്.

“ആരെങ്കിലും തന്റെ മകനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന് താന്‍ സംശയിക്കുന്നില്ലെന്നാണ് സുശാന്തിന്റെ പിതാവിന്റെ മൊഴി. കൂടാതെ സഹോദരിയും അമ്മാവനും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണം സംഘം കൂട്ടിച്ചേർത്തു .”

Related Articles

Latest Articles