Wednesday, May 15, 2024
spot_img

നീറ്റ് പ്രവേശന പരീക്ഷ. ക്വാറന്റീൻ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാർ എന്ന് സുപ്രീം കോടതി

ദില്ലി: വിദേശത്തുനിന്ന് മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാൻ വരുന്ന വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ക്വാറന്റീൻ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്ന് സുപ്രീം കോടതി. വിദ്യാർഥികൾക്ക് ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സർക്കാരുകളെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നീറ്റ് പരീക്ഷ എഴുതാൻ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഏതാണ്ട് 5000 ത്തോളം പേരാണ് കേരളത്തിൽ എത്തുന്നതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരീസ് ബീരാൻ ചൂണ്ടിക്കാട്ടി.

ഇവരിൽ പലരും ജെ.ഇ.ഇ. പരീക്ഷ എഴുതിയ ശേഷം സെപ്റ്റംബർ ആറ് കഴിഞ്ഞാണ് നാട്ടിലേക്ക് വരുന്നത്. അത് കൊണ്ട് സെപ്തംബർ 13ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാൻ വിദേശത്തുനിന്ന് വരുന്ന വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ക്വാറന്റീൻ ഒഴിവാക്കണമെന്നും ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.

എന്നാൽ കേരളത്തിൽ ഇപ്പോൾ പ്രതിദിന കോവിഡ് കേസുകൾ 2000ൽ അധികം ആണെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു ചൂണ്ടിക്കാട്ടി. ഇപ്പോഴാണ് കേരളം കോവിഡിന്റെ ആഘാതം നേരിടുന്നത്. അതിനാൽ കോടതി ക്വാറന്റീൻ ഒഴിവാക്കാൻ ഉത്തരവിടില്ലെന്നും ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.

ഗൾഫിൽ നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. അതേസമയം നീറ്റ് പരീക്ഷ എഴുതാൻ വരുന്ന ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതിൽ മുൻഗണന നൽകണം എന്നും കോടതി നിർദേശിച്ചു.

Related Articles

Latest Articles