Sunday, May 19, 2024
spot_img

ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്റില്‍ കൂട്ട ശവക്കുഴികള്‍ ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മരണ സംഖ്യ റെക്കാഡ് വേഗത്തില്‍ ഉയരുന്നതോടുകൂടി ന്യൂയോര്‍ക്ക് പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. മോര്‍ച്ചറികളും ശ്മശാനങ്ങളും നിറഞ്ഞ് കവിഞ്ഞു.

അമേരിക്കയില്‍ കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ടുകളിലൊന്ന് ന്യൂയോര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചത് 450 ഓളം പേരാണ്. 3,400 ലേറെ പേരാണ് ഇതുവരെ ന്യൂയോര്‍ക്കില്‍ മരിച്ചത്. 72,000 ലേറെ പേര്‍ക്ക് രോഗബാധയുണ്ട്.

ശ്മശാനങ്ങളും മോര്‍ച്ചറികളും നിറഞ്ഞതോടെ കൂട്ട ശവക്കുഴികള്‍ നിര്‍മിക്കാനാണ് ന്യൂയോര്‍ക്കിന്റെ നീക്കം. അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സില്‍ ലോംഗ് ഐലന്‍ഡ് സൗണ്ട് തടാകത്തില്‍ സ്ഥിതി ചെയ്യുന്ന ‘ മരിച്ചവരുടെ ദ്വീപ് ‘ എന്നറിയപ്പെടുന്ന ഹാര്‍ട്ട് ഐലന്‍ഡിനെയാണ്.

10 ലക്ഷത്തിലേറെ മനുഷ്യര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഭൂമിയാണ് ആള്‍ത്താമസമില്ലാത്ത ഹാര്‍ട്ട് ഐലന്‍ഡ് എന്ന ദ്വീപ്.

ആഴ്ചയില്‍ 25 ഓളം സംസ്‌കാരങ്ങളാണ് ഇവിടെ നടന്നിരുന്നതെങ്കില്‍ മാര്‍ച്ച് മുതല്‍ ഇത് മൂന്നിരട്ടിയായി മാറിയിരിക്കുകയാണ്. 72 ഓളം സംസ്‌കാരങ്ങളാണ് ഓരോ ആഴചകളിലും ഇവിടെ നടക്കുന്നതെന്ന് ദ്വീപിന്റെ ചുമതലയുള്ളവര്‍ വ്യക്തമാക്കി.

ദ്വീപിലെത്തിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. ന്യൂയോര്‍ക്ക് നഗരത്തില്‍ പൊലിയുന്ന ജീവനുകള്‍ ഇനി ഹാര്‍ട്ട് ഐലന്‍ഡിലെ കൂട്ട ശവക്കുഴികളിലേക്കാവും പോകുന്നത്.

Related Articles

Latest Articles