തിരുവനന്തപുരം: കെഎസ്ആർടിസിയെ മോടി പിടിപ്പിക്കും. 17 കോടിയുടെ വികസന പ്രവർത്തനം ഉടൻ കെഎസ്ആർടിസിയില്‍ നടപ്പാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. എല്ലാ ബസുകൾക്കും ജിപിഎസ് ഘടിപ്പിക്കും. അതോടൊപ്പം ഇ- ടിക്കറ്റും ഇ- അക്കൗണ്ടിംഗും നടപ്പാക്കും. യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങില്‍ ഓർഡിനറി ബസ് നിർത്തുമെന്നും പുതിയ പരിഷ്‌കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി 17 കോടിയുടെ പദ്ധതിയ്ക്കാണ് ലക്ഷ്യമിടുന്നത്. ഇതിന് സർക്കാർ അംഗീകാരം നൽകിയതായും മന്ത്രി പറഞ്ഞു. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് നീങ്ങുന്ന കെഎസ്ആർടിസിയിൽ ഐടി സഹായത്തോടെയുള്ള ശാസ്ത്രീയ പദ്ധതികൾ തയാറാക്കി നഷ്ടം കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഇ- ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ ബസിന്റെയും അക്കൗണ്ട് ഓൺലൈനിലൂടെ ക്രമീകരിക്കും. ഇതുകൂടാതെ കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് യാത്രക്കാർക്ക് എവിടെ വേണമെങ്കിലും നിർത്തികൊടുക്കണമെന്ന വിപ്ലവകരമായ തീരുമാനവും സർക്കാർ എടുത്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലും പിന്നീട് ജനങ്ങളുടെ അഭിപ്രായം അനുസരിച്ചുമാവും തുടർ നടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

