Friday, May 17, 2024
spot_img

പാക്കിസ്ഥാൻ; വിശ്വാസ്യതയും മനുഷ്യത്വവുമില്ലാത്ത രാജ്യം.വെറുതെ ഇരിക്കില്ലെന്നു ഭാരതം

ജനീവ: ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചതില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ജമ്മു കശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ഉന്നയിച്ച പാകിസ്താന്റെ നടപടി ഗൗരവതരമായി കാണുന്നെന്ന് ഇന്ത്യ വ്യക്തമാക്കി.

ഒരു അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ് പാകിസ്താന്റേതെന്ന് ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍ സെക്രട്ടറി സെന്തില്‍ കുമാര്‍ വിമര്‍ശിച്ചു. മറ്റുള്ളവര്‍ക്ക് ആവശ്യപ്പെടാതെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു മുന്‍പ് സ്വന്തം രാജ്യത്തെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പാകിസ്താനെ ഉപദേശിച്ചു.

മനുഷ്യാവകാശ കൗണ്‍സിലിനെയും അതിന്റെ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന നടപടി പാകിസ്താന്‍ തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. ദക്ഷിണേഷ്യയില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൂട്ടക്കൊലകള്‍ നടക്കുന്ന രാജ്യമാണ് പാകിസ്താന്‍ എന്നിരിക്കെയാണ് അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്. ഭരണകൂടം നടപ്പിലാക്കുന്ന നിയമങ്ങളെ കാറ്റില്‍പ്പറത്തിയുള്ള കൊലപാതകങ്ങള്‍, ഭരണകൂട ഭീകരത, ബലപ്രയോഗത്തിലൂടെയുള്ള കുടിയൊഴിക്കല്‍, സൈനിക നടപടികള്‍, പീഡന ക്യാമ്പുകള്‍, തടങ്കല്‍ പാളയങ്ങള്‍ തുടങ്ങിയവ ബലൂചിസ്ഥാനില്‍ സാധാരണ സംഭവങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ജമ്മു കശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് അവിടെ ഒരുവിധത്തിലുമുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. മേഖലയിലെ സമാധാനം നശിപ്പിക്കാന്‍ പാകിസ്താന്‍ നടത്തിയ ശ്രമങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്തും വിശ്വാസ്യത ഇല്ലാത്ത ഒരു രാജ്യമാണ് മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നത്. മതമൗലികവാദത്തിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും രൂപംകൊണ്ട രാജ്യമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles