Saturday, May 4, 2024
spot_img

പൃഥ്വിരാജും സംഘവും ജോർദ്ദാൻ മരുഭൂമിയിൽ കുടുങ്ങി

കൊച്ചി: കൊവിഡ് മൂലം ആഗോളതലത്തില്‍ത്തന്നെ ലോക്ക്ഡൗണുകള്‍ നിലവിലുള്ളതിനാല്‍ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങി. ജോര്‍ജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ഇവര്‍ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍മാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി.

ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിര്‍ത്തി വയ്പ്പിച്ചിരുന്നു. ഏപ്രില്‍ എട്ടിനുള്ളില്‍ വിസ കാലാവധി അവസാനിക്കും. അതിനാല്‍ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.

ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നാം വാരം മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് പൂര്‍ണമായും ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയ കുറച്ച് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ വേണ്ടി മാത്രം ചില പ്രത്യേക വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.

ഉടനടി ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കാനാകുമോ എന്നതില്‍ സംശയമുണ്ട്. ജോര്‍ദാനില്‍ത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബര്‍. ഇതിന് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നു.

Related Articles

Latest Articles