Friday, May 3, 2024
spot_img

പ്രകൃതി സൗഹൃദപരവും വൃത്തിയുമുള്ള ലഡാക്കിലെ ഡ്രൈടോയ്‌ലറ്റ്

എന്താണ് ലഡാക്കിലെ പ്രാദേശിക ടോയ്‌ലറ്റ് ആയ ഡ്രൈടോയ്‌ലറ്റിന്റെ പ്രത്യേകതകൾ?
ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ്‌ ലഡാക്ക്‌.വിനോദ സഞ്ചാരത്തിനായി ലഡാക്കിൽ ചെന്ന് ടോയ്ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടാൽ മിക്കവാറും അവർ നമുക്ക് ഒരു മുറി കാണിച്ചു തരും. ആ മുറിയുടെ ഒരു മൂലയ്ക്ക് ചാണക പൊടിയും , ചാരവും മണ്ണും കൂട്ടി ഇട്ടിട്ടുണ്ടാവും. ഒരു ചെറിയ കയറിൽ ടോയ്‌ലറ്റ് പേപ്പറിന്റെ റോളും കാണാം. അതിന്റെ താഴേ ചിലപ്പോൾ ഉപയോഗിച്ച പേപ്പറുകൾ ഒരു ചെറിയ കുട്ടയിൽ ചുരുട്ടി ഇട്ടിട്ടുണ്ടാവും.ശ്രദ്ധിച്ചു നോക്കിയാൽ തറയിൽ ഒരു ഇഷ്ടികയുടെ വലുപ്പത്തിലെ ദ്വാരം കാണാം. ഇതാണ് കാര്യം സാധിക്കാനുള്ള ലോക്കൽ ടോയ്‌ലറ്റ് . ഉപയോഗ ശേഷം അവിടെ വച്ചിരിക്കുന്ന മൺവെട്ടി കൊണ്ട് ചാരവും, ചാണകവും ചേർന്ന മിക്സ് ദ്വാരത്തിലൂടെ ഇടണം . മാന്യമായി പേപ്പറും ഉപയോഗിച്ച് പുറത്തിറങ്ങാം.
വെള്ളത്തിനു ക്ഷാമമുള്ള സ്ഥലങ്ങളിൽ അല്ലെങ്കിൽ സമയങ്ങളിൽ പ്രത്യേകിച്ചു മഞ്ഞു കാലത്ത് ഇന്ത്യയിലെ പർവത പ്രദേശങ്ങളിൽ പ്രത്യേകിച്ച് ലഡാക്കിലൂടെനീളം ഗ്രാമങ്ങളിൽ ഉപയോഗിക്കുന്ന ലോക്കൽ ടോയ്‌ലറ്റ് ആണ് ഡ്രൈ ടോയ്‌ലറ്റ്.ജലദൗർലഭ്യം കൊണ്ടാണ് ഇതിനെ ‘ഡ്രൈ ടോയ്‌ലറ്റ്’ എന്ന് വിളിക്കുന്നത്. വീടിനോടു ചേർന്നോ അല്ലാതെയോ രണ്ടു നില കെട്ടിടമായാണ് ഇതു പണിയുന്നത്. താഴത്തെ നില കമ്പോസ്റ്റ് പിറ്റ് ആയി പ്രവർത്തിക്കും. വിസർജ്യത്തിന്റെ മുകളിൽ ചാരവും, ചാണക പൊടിയും ഇട്ടാണ് രാസവിഘടനം നടത്തുന്നത്. ഇവ മെച്ചപ്പെട്ട വളം ഉൽപാദിപ്പിക്കൽ, മണം ഇല്ലാതാക്കൽ എന്നിവയ്ക്കു സഹായിക്കുന്നു. മാത്രവുമല്ല നിശ്ചിത ദിവസങ്ങൾ കഴിഞ്ഞു മുറിയിലെ ജൈവവളം പാടങ്ങളിൽ മണ്ണിനെ സമ്പുഷ്ടമാക്കാൻ ഉപയോഗിക്കുകയും ചെയ്യും. പുറകിൽ ഒരു ചെറിയ ജാലകവും , ആണിയിൽ ഘടിപ്പിച്ച കമ്പിയിൽ സ്ഥാപിച്ചിരിക്കുന്ന വാതിലും , പ്രകാശത്തിന്റെയും , വായുസഞ്ചാരത്തിന്റെയും ഉറവിടമായി പ്രവർത്തിക്കുകയും ചെയ്യും.
ഇന്ത്യയിലെ പല സ്ഥലങ്ങളിലെ ടോയ്‌ലറ്റ് അനുഭവങ്ങൾ ആയ അസഹനീയമായ ദുർഗന്ധം വമിക്കുന്ന പൊതു ടോയ്‌ലറ്റുകൾ, നൂറു കണക്കിന് ഈച്ചകൾ, വെള്ളത്തിന്റെ ദൗർലഭ്യം തുടങ്ങിയ ഭയാനകമായ കഥകളൊന്നും ഇവിടെ പ്രശ്നമില്ല. ലഡാക്കിലെ ഡ്രൈ ടോയ്‌ലറ്റിൽ അവിടെ കൂട്ടിയിട്ടിരിക്കുന്ന ചാണക പൊടിയുടെയും , ചാരത്തിന്റെയും ഒരു മുഷിഞ്ഞ മണം മാത്രമാണ് ആകെ ഉള്ളത്.ഡ്രൈ ടോയ്‌ലറ്റ് വെള്ളത്തിന്റെ ദുരുപയോഗം തടയും. സീവേജ് സംവിധാനങ്ങൾ ഒരുക്കേണ്ട ആവശ്യവും ഇല്ലാതാക്കും. സാധാരണ ഒരു ടൂറിസ്റ്റ് ഇവിടെ സന്ദർശിക്കുമ്പോൾ ഒരു ദിവസം 75 ലിറ്റർ വരെ വെള്ളം പാഴാക്കും. ഒരു ലഡാക്കിയുടെ ശരാശരി ഉപയോഗം 20 ലിറ്ററിൽ താഴെയാണ്. ഈ ടോയ്‌ലറ്റ് വെള്ളവും , വൈദ്യുതിയും ക്ഷാമമുള്ള പ്രദേശങ്ങളെ സംരക്ഷിക്കുക മാത്രമല്ല, മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ ആവശ്യം തന്നേ ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു മലിനജല ശൃംഖലയുടെ പരിപാലനവും, അതുമായി ബന്ധപ്പെട്ട ചെലവുകളും കുറയ്ക്കുന്നു .
ലഡാക്കിലെ ജല ദൗർലഭ്യമുള്ള ഭൂപ്രകൃതിക്ക് ഈ ‘ഡ്രൈ ടോയ്‌ലറ്റ്’ ഏറ്റവും അനുയോജ്യമാണ്. എന്നിട്ടും, വിനോദസഞ്ചാരികൾ ‘സാധാരണ’
ടോയ്‌ലറ്റുകൾക്ക് വാശിപിടിക്കുന്നത് ഈ പ്രദേശത്തിന്റെ അസന്തുലിനാവസ്ഥക്കു വഴി വച്ചു കൊടുക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി ലഡാക്കിന്റെ ഹിമാനികൾ ദ്രുതഗതിയിൽ ഉരുകി കൊണ്ടിരിക്കുകയാണ്, ഇതു ജലലഭ്യതയ്ക്കു ഗുരുതരമായ ഭീഷണിയാണ്.
ശരിയായ മലിനജല സംവിധാനത്തിന്റെ അഭാവത്തിൽ, ലേ പോലെ കൂടുതൽ ജനസാന്ദ്രതയുള്ള പട്ടണങ്ങൾ സന്ദർശകർക്കു വേണ്ടി കൂടുതലായി ജല-തീവ്രമായ ഫ്ലെഷ് ടോയ്‌ലറ്റുകൾ സ്വീകരിക്കുകയും, മാലിന്യ-ജല നിർമാർജനത്തിനായി സോക്ക് പിറ്റുകൾ നിർമിക്കുകയും ചെയ്യുന്നു. ഇതു ഭൂഗർഭ മലിനീകരണത്തിലേക്ക് നയിക്കുന്നു. വിനോദസഞ്ചാരാനന്തര കാലഘട്ടത്തിൽ ലേയിലെ കുടിവെള്ള സ്രോതസ്സുകൾക്കു സമീപമുള്ള ഭൂഗർഭ ജല മലിനീകരണം, വർദ്ധിച്ച വയറിളക്കത്തിന്റെ സന്ദർഭങ്ങൾ, ഉയർന്ന അളവിലുള്ള കോളിഫോം ബാക്ടീരിയകൾ മുതലായവക്ക് കാരണമാകുന്നു.. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നിൽ വർദ്ധിച്ചുവരുന്ന പ്രതിസന്ധിക്ക് നമ്മുടെ അജ്ഞത എങ്ങനെ സംഭാവന ചെയ്യുന്നുവെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
സഞ്ചാരികളുടെ ഭാഗത്തു നിന്ന് ഒരു ചെറിയ ക്രമീകരണം ഈ മേഖലയെ ഭാവിയിലെ വലിയൊരു പ്രകൃതി ദുരന്തത്തിൽ നിന്നും രക്ഷപെടുത്തും. പാരമ്പര്യത്തിലേക്കുള്ള തിരിച്ചുവരവ് വിവേകപൂർണ്ണമായ ഒരു ആശയമായി മാത്രമല്ല, ഈ കാലഘട്ടത്തിലെ ആവശ്യകതയായും തോന്നുന്നു.

Related Articles

Latest Articles