Thursday, October 22, 2026

പ്രവാസികളുടെ കോവിഡ് ആശങ്കയകറ്റാൻ ടെലി, ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു

തിരുവനന്തപുരം : പ്രവാസികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്ക് വയ്ക്കാൻ ഡോക്ടര്‍മാരുമായി വീഡിയോ, ടെലിഫോണ്‍ വഴി സംസാരിക്കുന്നതിനുള്ള സേവനം നോര്‍ക്ക ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നോര്‍ക്ക അടിയന്തര നടപടി സ്വീകരിച്ചത്. നിലവിലുള്ള പ്രശ്‌നങ്ങളും സംശയങ്ങളും നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.കൂടാതെ ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനം, ടെലിഫോണില്‍ സംസാരിക്കാനുള്ള സംവിധാനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെയാണ് ടെലിഫോണ്‍ സേവനം ലഭ്യമാകുന്നത്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇ.എന്‍.ടി.ഒഫ്താല്‍മോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ലഭിക്കുന്നത്.

നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ ലഭിക്കും. വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ കോവിഡ് രജിസ്‌ട്രേഷന്‍, ഡോക്ടര്‍ ഓണ്‍ ലൈന്‍, ഹലോ ഡോക്ടര്‍ എന്ന മൂന്ന് തലക്കെട്ടുകളും ലഭിക്കുന്ന സേവനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്ലിക്ക് ബട്ടണ്‍ അമര്‍ത്തണം. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച്‌ വിവിധ സേവനങ്ങള്‍ ലഭ്യമാകും. ഐ.എം.എ. ക്വിക് ഡോക്ടര്‍ (quikdr.com) എന്നിവരുമായി സഹകരിച്ചാണ് നോര്‍ക്ക സേവനം നടത്തുന്നത്. www.norkaroots.org സന്ദര്‍ശിച്ച്‌ സേവനം നേടാമെന്ന് നോര്‍ക്ക റൂട്ട്സ് പി.ആര്‍.ഒ സലിന്‍ മാങ്കുഴി അറിയിച്ചു.

Related Articles

Latest Articles