Monday, November 2, 2026

ബഹ്‌റൈനില്‍ ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് മരണം

മനാമ: ബഹ്‌റൈനില്‍ ഇന്ത്യക്കാരനായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ ജനറല്‍ പ്രാക്ടീഷനര്‍ ഹൈദരാബാദ് സ്വദേശി സോളമന്‍ വി. കുമാര്‍ (69) ആണ് മരിച്ചത്. ബിഡിഎഫ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 10 വര്‍ഷത്തോളമായി അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. ശനിയാഴ്ച ഇദ്ദേഹമുള്‍പ്പെടെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

46 വയസ്സുള്ള സ്വദേശി യുവതിയാണ് മറ്റൊരാള്‍. 486 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 270 പേര്‍ പ്രവാസികളാണ്. 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും നാലുപേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നത്. നിലവില്‍ 5,570 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 34 പേരുടെ നില ഗുരുതരമാണ്.

591 പേര്‍കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 15,287 ആയി ഉയര്‍ന്നു.

Related Articles

Latest Articles