Saturday, May 18, 2024
spot_img

മലക്കം മറിഞ്ഞ് നാഗപ്പൻ നിർണ്ണായക നീക്കത്തിനൊരുങ്ങി സിപിഎം ?

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്തായതോടെ മലക്കം മറിഞ്ഞ് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സംഭവവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്ക് വിശദീകരണം നൽകി. കത്ത് വ്യാജമാണെന്നാണ് മേയർ പാർട്ടിയോട് വ്യക്തമാക്കിയതെന്ന് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. രാജിയാവശ്യം സിപിഎം അംഗീകരിക്കുന്നില്ലെന്ന് അറിയിച്ച ആനാവൂർ, മേയറെ പരോക്ഷമായി സംരക്ഷിക്കുന്ന നിലപാടാണ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ സ്വീകരിച്ചത്.

കത്ത് വ്യാജമാണോ ഒറിജിനലാണോയെന്ന ചോദ്യത്തിന് അദ്ദേഹം ‘അറിയില്ല’ എന്ന മറുപടിയാണ് നൽകിയത്. വ്യാജമാണെന്ന മേയറുടെ വാദം ഏറ്റുപിടിക്കാൻ സിപിഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഇത്തരമൊരു സംഭവമുണ്ടായത് ഗൗരവത്തോടെ കാണുന്നു, വിശദമായ അന്വേഷണം നടത്തും, അതിന് ശേഷം നിയമനടപടികളിലേക്ക് കടക്കും. ആര്യാ രാജേന്ദ്രനെ മേയറായി തിരഞ്ഞെടുത്തത് പ്രതിപക്ഷമല്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ രാജിയാവശ്യം അംഗീകരിക്കാൻ സിപിഎമ്മിന് കഴിയില്ലെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് ഒഴിവുവന്നപ്പോൾ സ്വന്തം പാർട്ടിക്കാരെ കുത്തികയറ്റാൻ മേയർ നടത്തിയ ശ്രമം ആണ് വിവാദമായത്. തിരുവനന്തപുരം നഗരസഭാ ആസ്ഥാനത്ത് ഇന്നലെ വൻ പ്രതിഷേധം ഉയർന്നിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥയും ഉണ്ടായിരുന്നു. നഗരസഭയിൽ ബിജെപി മാർച്ച് നടത്തിയിരുന്നു. ഇതോടൊപ്പം കോൺഗ്രസ്സും പ്രതിഷേധം കടുപ്പിച്ചു.

സംഭവത്തിൽ പ്രതികരിച്ച് പ്രമുഖർ ഇന്നലെ രംഗത്തെത്തിയിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരം കോര്‍പറേഷനില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ഒഴിവുണ്ടെങ്കില്‍ അത് ഫില്ല് ചെയ്യേണ്ടത് സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനാണോയെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. സത്യപ്രതിഞ്ജാലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിടത്തും സി പി എം പ്രവർത്തകരായാൽ മാത്രം ജോലി എന്നതാണ് പിണറായി സർക്കാരിന്റെ നയം. നഗരസഭയും അങ്ങനെ തന്നെ. ഈ കത്ത് ശരിയാണെങ്കിൽ അതിഭീകരമാണ് അവസ്ഥ. കേരളത്തിലെ ലക്ഷോപലക്ഷം തൊഴിലന്വേഷകരും യുവജന സംഘടനകളും എന്താണ് പ്രതികരിക്കാത്തത് . സർക്കാർ സ്ഥാപനങ്ങളിൽ ജോലി കിട്ടണമെങ്കിൽ സി പി എം ആകുകയോ സിപിഎം നേതാക്കളുടെയോ മന്ത്രിമാരുടെയോ ബന്ധുക്കളാകുകയോ ചെയ്യണമെന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നത്.

അതേസമയം, ലിസ്റ്റ് ചോദിച്ച് മേയര്‍ കത്തയച്ചില്ലെങ്കില്‍ വ്യാജകത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷനില്‍ പതിറ്റാണ്ടുകളായി സിപിഎം നേതാക്കളെ തിരുകി കയറ്റുന്നതിന്റെ അവസാന ഉദാഹരണമാണിത്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് ഈ ഭരണസമിതി പിരിച്ചുവിടണം. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും വി.വി.രാജേഷ് പറഞ്ഞു.

നഗരസഭയിൽ പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. ഇടതു സംഘടന ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ 295ഓളം താത്കാലിക തസ്തികളിലേക്കാണ് പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള മേയറുടെ ശ്രമം നടന്നത്. പണ്ടേ ഒത്തൊരുമയുള്ള പാർട്ടിക്കാരുടെ തന്നെ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് കത്ത് പുറത്തായത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് പാർട്ടി നേതാവിന് കത്ത് അയച്ചിരിക്കുന്നത്.

മേയറുടെ പേരിൽ വന്ന കത്തും ഡി.ആർ അനിൽ അയച്ചതായി പറയുന്ന കത്തും തനിക്ക് കിട്ടിയിട്ടില്ല. കത്ത് ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞ നാഗപ്പൻ, മേയർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൂടി പറയാൻ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഒഴിവുള്ള തസ്തികകളിലേക്ക് പാർട്ടിക്കാരെ എടുക്കാനുള്ള ലിസ്റ്റ് ആവശ്യപ്പെട്ട് തങ്ങളുടെ മുന്നിലേക്ക് ഒരു ശുപാർശ വന്നിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. അതേസമയം കത്ത് വ്യാജമാണെന്ന് പറയുന്ന ആര്യാ രാജേന്ദ്രൻ ഇന്ന് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles