Monday, May 20, 2024
spot_img

മഹാമാരിക്കിടയിലും പ്രതീക്ഷയുടെ പുതുനാമ്പുമായി പുതുവർഷം

ഓരോ പുതിയ വർഷവും പ്രതീക്ഷകൾ നിറഞ്ഞതാണ്. 2021 നമ്മളെ വിട്ടുപിരിഞ്ഞു. ഈ മഹാമാരിയുടെ ഇടയിലും ഏറെ പ്രതീക്ഷയോടെയാണ് 2022 എത്തുന്നത്. പുത്തന്‍ പ്രതീക്ഷകളുമായി 2022 നമ്മുടെ വാതില്‍പ്പടിയില്‍ എത്തി നില്‍ക്കുകയാണ്. ഒരു പുതിയ വര്‍ഷത്തിന്റെ ആരംഭം പഴയ കാര്യങ്ങളും പഴയ ആശങ്കകളും ഉപേക്ഷിച്ച് ജീവിതത്തിന്റെ പുതിയ അധ്യായം മാറ്റാനുള്ള സമയമാണ്. പുതിയ അധ്യായത്തിന്റെ തുടക്കം ആഘോഷിക്കാനുള്ള തിടുക്കത്തിലാണ് നമ്മൾ ഓരോരുത്തരും. എന്നാല്‍ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം നമ്മുടെ എല്ലാ ആഘോഷങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇടുകയാണ്. രാജ്യത്തുടനീളം, കോവിഡ് -19 ന്റെ ഉയര്‍ന്ന പകര്‍ച്ചവ്യാധിയായ ഒമിക്റോണിന്റെ വ്യാപനം മന്ദഗതിയിലാക്കാന്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, പുറത്തുപോകുന്നതും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതും അഭികാമ്യമായിരിക്കില്ല, എന്നാല്‍ 2022-ന്റെ വരവ് ആഘോഷിക്കാതിരിക്കാന്‍ നമുക്ക് എങ്ങനെ കഴിയും.

പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ ഏടുകൾ തുന്നിചേർക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഓരോ പ്രതീക്ഷകളും. ഓരോ വർഷവും വലിയ പ്രതീക്ഷകളോടെയാണ് ആരംഭിക്കുന്നത്. പുതുവർഷത്തിൽ ഉറച്ച തീരുമാനമെടുത്ത് അത് ജീവിതത്തിൽ നടപ്പാക്കി സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള അവസരം കൂടിയാണിത്. ഓരോ പുതുവർഷവും ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പരസ്പരം സന്തോഷം പങ്കിട്ടും പ്രതീക്ഷകൾ കൈമാറിയുമാണ് ഓരോ പുതു വർഷത്തെയും വാരിപ്പുണരുന്നത്.

പുതുവർഷം പിറന്നു വീഴുന്ന ദിവസം ചില പുതിയ തീരുമാനങ്ങളും പ്രതിജ്ഞകളും ഒക്കെ എടുക്കുന്ന പതിവുണ്ടല്ലോ.

ഒരു രാത്രി ഇരുട്ടി വെളുത്തതുകൊണ്ട് ഒരു വ്യക്തി ഒരിക്കലും മറ്റൊരാളാകുകയില്ല. അതുകൊണ്ട്, അവനവന്റെ അടിസ്ഥാന സ്വഭാവത്തെ അടിമുടി മാറ്റി മറിക്കുന്ന തരത്തിലുള്ള വലിയ തീരുമാനങ്ങളൊന്നും തന്നെ എടുക്കരുത്. ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ അവ പാലിക്കാൻ നിങ്ങൾക്ക് സാധിച്ചെന്നു വരില്ല. ഒരുപാട് ദൂരെ ഇരിക്കുന്ന കാര്യങ്ങളെ തീരുമാനം എന്നല്ല, സ്വപ്നമെന്നാവും വിളിക്കാൻ നന്നാവുക.

നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് നിങ്ങളുടെ കംഫർട്ട് സോണിലാണ്. അവിടെ നിന്ന് വിട്ടിറങ്ങി, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യം കാണിക്കുക. പുതുവർഷത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് കൈവരുന്ന പുത്തൻ ഊർജ്ജം പരമാവധി പ്രയോജനപ്പെടുത്തുക. പുതിയത് പരീക്ഷിക്കാനുള്ള ഉത്തമ അവസരമാണ് പുതുവർഷം.

നമ്മുടെ ജീവിതം പലപ്പോഴും ജോലി, വീട്, വീട്ടിലേക്കുള്ള വഴി എന്നീ ഇടങ്ങളിൽ തളച്ചിടപ്പെടുന്ന ഒന്നാണ്. ആ ഇടങ്ങളിൽ കറങ്ങിക്കറങ്ങി നമ്മുടെ ജീവിതം തേഞ്ഞു തീരുന്നത് നമ്മൾ പലപ്പോഴും അറിയുന്നില്ല. വർഷങ്ങൾ കൊഴിഞ്ഞു പോകുന്നതും, നമ്മുടെ യൗവ്വനം പടിയിറങ്ങുന്നതും നമ്മൾ അറിഞ്ഞെന്നു വരില്ല. അതുകൊണ്ട്, ഈ വർഷം ചുരുങ്ങിയത് രണ്ട് പുതിയ സ്ഥലങ്ങളെങ്കിലും കാണും എന്ന്‌ മനസ്സിൽ ഉറപ്പിക്കുക. മുന്നേകൂട്ടി പ്ലാൻ ചെയ്ത് അത് നടപ്പിലാക്കാൻ കഴിവതും ശ്രമിക്കുക.
ദീർഘകാലത്തേക്കുള്ള നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം, കൃത്യമായ ഉറക്ക ശീലങ്ങളാണ്. അത് നമുക്ക് ഇന്ന് വേണമെങ്കിലും തുടങ്ങാവുന്ന ഒന്നാണ്. കൃത്യമായ സമയത്ത് ഉറങ്ങുന്നതും, കൃത്യസമയത്ത് ഉണരുന്നതും ഒരു പുതിയ നല്ല ശീലമാക്കാം. അത് വർഷം മുഴുവൻ പാലിക്കാൻ ശ്രമിക്കാം.

ഇനി വരുന്ന ഒരു വർഷം നിങ്ങൾക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഒരു പ്രവൃത്തിക്ക് മുതിരും എന്നുറപ്പിക്കുക. അത് പാട്ടോ, ഡാൻസോ, ഉപകരണസംഗീതമോ, ആയോധന മുറയോ, കായിക ഇനങ്ങളോ, യോഗയോ അങ്ങനെ എന്തെങ്കിലും ഒരു പാഷൻ നിങ്ങൾ പിന്തുടരും എന്നുറപ്പിക്കുക. അത് നിങ്ങൾക്ക് ഉല്ലാസം പകരും. സന്തോഷമുള്ള ഹൃദയം, മനസ്സിലും ശരീരത്തിലും ഓജസ്സ് പടർത്തും.

ഏറെനാൾ മുൻപ് തന്നെ പുതുവർഷം ആശംസിക്കുന്ന രീതി നമുക്കിടയിലുണ്ട്. മുൻകാലങ്ങളിൽ ന്യൂയർ കാർഡുകൾ അത്രയും പ്രിയപ്പെട്ടതായിരുന്നെങ്കിൽ കാലം മാറിയതോടെ ആശംസകൾ കൈമാറുന്ന രീതി മാറി. കാർഡുകൾ പിന്തള്ളിക്കൊണ്ട് ഡിജിറ്റൽ മാർഗങ്ങൾ വഴിയാണ് പുതിയ കാലത്ത് ആശംസകൾ കൈമാറുന്നത്. രീതി മാറിയാലും ആശംസകൾ ഇല്ലാതാകുന്നില്ല എന്നർത്ഥം. അതുകൊണ്ട് തന്നെ ആശംസകൾ എല്ലായ്പ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. നിങ്ങൾ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുന്ന ഒരു ചെറിയ സന്ദേശം, അല്ലെങ്കിൽ പ്രതീക്ഷ നിറഞ്ഞ ഒരു വാക്ക് പോലും പലരുടെയും ജീവിതം മാറ്റി മറിക്കും. ഈ പുതുവർഷ ദിനത്തിൽ നിങ്ങളുടെ സ്വപ്‌നങ്ങൾ സക്ഷാത്ക്കരിക്കാനും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പ്രതീക്ഷ പകരാനും നിങ്ങൾക്കാവട്ടെ.തത്വമയിയുടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു

Related Articles

Latest Articles