Monday, April 29, 2024
spot_img

മിൽമ മുഴുവൻ പാലും സംഭരിക്കും

കോഴിക്കോട്: ഇന്നു മുതല്‍ ക്ഷീരസംഘങ്ങളില്‍നിന്ന് മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മ മലബാര്‍ മേഖല യൂണിയന്റെ തീരുമാനം. പാല്‍സംഭരണത്തിലെ പ്രതിസന്ധി സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിനെത്തുടര്‍ന്ന് താല്‍ക്കാലികമായി അവസാനിച്ചതോടെയാണ് പതിവുപോലെ പാല്‍ സംഭരിക്കാന്‍ മില്‍മ തീരുമാനിച്ചതെന്ന് മലബാര്‍മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണിയും മാനേജിങ് ഡയറക്ടര്‍ കെ.എം. വിജയകുമാരനും അറിയിച്ചു.

ആറ് ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചിട്ട് പകുതിയും വിറ്റുപോകാതിരുന്നതോടെയാണ് മില്‍മ മലബാര്‍മേഖല യൂണിയന്‍ കോവിഡ് കാലത്ത് പ്രതിസന്ധിയിലായത്. പാല്‍പ്പൊടിയാക്കാനായി തമിഴ്‌നാട്ടിലേക്ക് പാല്‍ എത്തിക്കുവാനും കഴിഞ്ഞിരുന്നില്ല.

തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീരവികസന മന്ത്രി കെ. രാജു എന്നിവര്‍ തമിഴ്‌നാട് സര്‍ക്കാറുമായി ചര്‍ച്ച നടത്തിയത്. ഈറോഡ്, വെല്ലൂര്‍, ഡിണ്ടിഗല്‍ എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍ കേരളത്തില്‍നിന്നുള്ള പാല്‍ പൊടിയാക്കി സംസ്‌കരിച്ച് സൂക്ഷിക്കും. കണ്‍സ്യുമര്‍ഫെഡ്, സാമൂഹികക്ഷേമ വകുപ്പ്, പൊതുവിതരണ സമ്പ്രദായം എന്നിവ വഴി പാല്‍ വിതരണം ചെയ്യുന്നതോടെ സംഭരിക്കുന്ന പാല്‍ മുഴുവന്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് മില്‍മ.

മലബാര്‍ മേഖലയിലെ അധികപാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 1.30 ലക്ഷം ലിറ്റര്‍ പാല്‍കൂടി പൊടിയാക്കാന്‍ സ്വകാര്യ കമ്പനിയുമായി മില്‍മ ധാരണയിലെത്തി. ഒരു ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കാന്‍ പത്ത് രൂപയോളം അധിക ചെലവാണ് മില്‍മക്കുണ്ടാകുന്നത്.

Related Articles

Latest Articles