Wednesday, November 11, 2026

മുൻ ഐ ടി സെക്രട്ടറിയുടെ ഫ്ലാറ്റിൽ കസ്റ്റംസ് റെയ്ഡ്; പ്രതികരിക്കാനില്ലെന്ന് ശിവശങ്കർ

തിരുവനന്തപുരം : മുൻ ഐ ടി സെക്രട്ടറി ശിവ ശങ്കറിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് . തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഫ്ലാറ്റിലാണ് റെയ്ഡ് നടത്തിയത്. പരിശോധന ഒന്നരമണിക്കൂറോളം നീണ്ടു. ശിവശങ്കര്‍ ആറാം തീയതിവരെ ഫ്ലാറ്റില്‍ വന്നിരുന്നുവെന്ന് സുരക്ഷാജീവനക്കാരന്‍ വെളിപ്പെടുത്തി. ഫ്ലാറ്റിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചര്‍ച്ച നടത്തിയതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. അതേസമയം വിവാദങ്ങളിൽ ഒന്നും പറയാനില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കർ വ്യക്തമാക്കി .

ഇതിനിടെ, കേസിൽ പ്രതികളായ സരിത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാൻ കസ്റ്റംസ് നീക്കം നടത്തുകയാണ്. സ്വർണക്കടത്തിൽ സ്വപ്നയുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ച് ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.

Related Articles

Latest Articles