തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നീട്ടിയ മെയ് മൂന്നു വരെ കേരളത്തില്‍ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഇളവുകള്‍ അനുവദിച്ച ഓറഞ്ച് വിഭാഗം ജില്ലകളില്‍ ഹ്രസ്വദൂരയാത്രയ്ക്ക് ബസ് സര്‍വീസ് നടത്താന്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ തിരുത്തല്‍ വരുത്തി ഇന്നലെ പുതിയ ഉത്തരവ് ഇറങ്ങി.ഇതുപ്രകാരം ഒരുതരത്തിലുള്ള പൊതുഗതാഗതവും അനുവദിക്കില്ല. എന്നാല്‍, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളില്‍ ഭാഗികമായി പ്രവര്‍ത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും കര്‍ശനമായ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാന്‍ കഴിയും.
മറ്റ് ഇളവുകള്‍ നിലവില്‍ വരുന്ന തീയതികളില്‍ ഒരു ദിവസത്തെ മാറ്റമുണ്ട്.ഓറഞ്ച് ബി വിഭാഗത്തില്‍പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ 21 മുതലും ഓറഞ്ച് എയില്‍പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 25 മുതലും ആയിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
വാഹനങ്ങളുടെ യാത്രാ ദിവസങ്ങള്‍(വണ്ടി നമ്പര്‍ അവസാന അക്കം)0,2,4,6, 8 - ചൊവ്വ, വ്യാഴം, ശനി .1,3,5,7,9 – തിങ്കള്‍, ബുധന്‍, വെള്ളി. അതേസസമയം, ഞായറാഴ്ച ഗതാഗതം എങ്ങനെയെന്ന് ഉത്തരവില്‍ വ്യക്തമല്ല. അവശ്യ സേവന വിഭാഗത്തിലെ വാഹനങ്ങള്‍ക്കും വനിതകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. നാലുചക്രവാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍. ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ പിന്നിലിരുന്ന് യാത്ര ചെയ്യാം.

