Monday, April 29, 2024
spot_img

രാജ്യത്തെ കോവിഡ് വാക്സിന്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍; ദേശീയ വിദഗ്ധ സമിതി യോഗം ഇന്ന് ചേരും

ദില്ലി: രാജ്യത്ത് കോവിഡ് വാക്സിന്റെ ഉത്പാദനം, വിതരണം, വില എന്നിവയുടെ വിശദാംശങ്ങൾ തീരുമാനിക്കുന്നതിന് വേണ്ടി ദേശീയ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സർക്കാരുകളും വാക്സിൻ നിർമ്മാതാക്കളും ഉൾപ്പെടെയുള്ള എല്ലാവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

വി കെ പോളിനെ കൂടാതെ , ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, ബയോടെക്നോളജി വിഭാഗം സെക്രട്ടറി രേണു സ്വരൂപ്, ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ രൺദീപ് ഗുലേറിയ എന്നിവരും പാനലിൽ ഉൾപ്പെടുന്നു.

വാക്സിന്‍ നി൪മാണം അതിന്‍റെ അവസാനഘട്ടത്തിലാണെന്നാണ് സൂചന. ഐ.സി.എം.ആറുമായും സൈഡസ് കാഡില ലിമിറ്റഡുമായും ചേ൪ന്ന് ഭാരത് ബയോടെകാണ് ഇന്ത്യയില്‍ വാക്സിന്‍ വികസിപ്പിക്കുന്നത്. ആഗസ്ത് പതിനഞ്ചോടെ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിൻ രാജ്യത്തിന് സമ൪പ്പിക്കുമെന്ന് ഐ.സി.എം.ആ൪ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐസിഎംആറിന്‍റെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

Related Articles

Latest Articles